'രോഹിത്തിന്റെ പരിക്ക് ഗുരുതരം, ഏകദിന,ടെസ്റ്റ് പരമ്പരകൾ നഷ്ടമാകും'..പകരമെത്തുക ആ താരം

അഭിറാം മനോഹർ

തിങ്കള്‍, 3 ഫെബ്രുവരി 2020 (18:06 IST)
ന്യൂസിലാന്‍ഡിനെതിരാ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20യിൽ തുടയിലെ പേശികൾക്ക് പരിക്കേറ്റ ഇന്ത്യൻ ഉപനായകനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മയ്‌ക്ക് ഈ രണ്ട് പരമ്പരകളും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
 
ന്യൂസിലൻഡിനെതിരെയുള്ള അഞ്ചാം ടി20 മത്സരത്തിൽ ബാറ്റ് ചെയ്യവെയാണ് രോഹിത്തിന്റെ ഇടതുകാൽപേശിക്ക് പരിക്കേറ്റത്. ഇതിനെ തുടർന്ന് വ്യക്തിഗത സ്കോർ 60ൽ നിൽക്കെ താരം മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. രോഹിത്തിന് പകരം വിക്കറ്റ് കീപ്പർ കൂടിയായ ലോകേഷ് രാഹുലായിരുന്നു മത്സരത്തിൽ ഇന്ത്യയെ നയിച്ചത്.
 
 ഇതോടെ രോഹിത്തിന് പകരം മായങ്ക് അഗർവാൾ ഏകദിനത്തിൽ ടീമിലെത്തുമെന്നാണ് സൂചനകൾ. നിലവിൽ ഇന്ത്യ എയ്‌ക്ക് വേണ്ടി ന്യൂസിലൻഡിൽ തന്നെയാണ് മായങ്കുള്ളത്. ഏകദിനത്തിൽ രോഹിത്തിന്റെ പകരം ആരാവുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും ടെസ്റ്റിൽ ആരായിരിക്കും രോഹിത്തിന് പകരം ഇറങ്ങുക എന്ന കാര്യം വ്യക്തമല്ല. രോഹിത്ത് കൂടി പിന്‍മാറുന്നതോടെ രണ്ടു അംഗീകൃത ഓപ്പണര്‍മാരെയും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു നഷ്ടമാവും എന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. നേരത്തെ ഇന്ത്യൻ താരം ശിഖർ ധവാനും പരിക്ക് മൂലം പുറത്തായിരുന്നു.
 
ടെസ്റ്റ് ടീമിൽ രോഹിത്തിന് പകരം മികച്ച ഫോമിലുള്ള ശുഭ്‌മാൻ ഗില്ലിനോ, പൃഥ്വി ഷായ്‌ക്കോ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ ടീമിലുണ്ടായിരുന്നുവെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിൽ പരാജയപ്പെട്ട കെ എൽ രാഹുലിനേയും രോഹിത്തിന് പകരം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സമീപകാലത്തെ രാഹുലിന്റെ മികച്ച പ്രകടനങ്ങൾ ടീം മാനേജ്മെന്റ് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. അങ്ങനെയെങ്കിൽ രോഹിത്തിന് പകരം ടെസ്റ്റ് ടീമിൽ കെ എൽ രാഹുൽ ഇടം പിടിക്കാനാണ് സാധ്യതകളേറെയും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍