'സഞ്ജു നിർഭയൻ' സൂപ്പർ ഓവറിൽ സഞ്ജുവിനെ ഇറക്കാനായിരുന്നു ആദ്യ തീരുമാനമെന്ന് വിരാട് കോലി

അഭിറാം മനോഹർ

ശനി, 1 ഫെബ്രുവരി 2020 (11:54 IST)
സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീം തീരുമാനിച്ചിരുന്നതെന്നും എന്നാൽ കൂടുതൽ പരിചയസമ്പന്നൻ എന്ന നിലയിൽ താൻ കൂടെ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം മാറ്റിയതെന്നും കോലി പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.
 
സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണ്. എല്ലാം വരുതിയിലാക്കാൻ ഇന്ന് സുവർണാവസരമായിരുന്നു. എന്നാൽ പിച്ച് മനസ്സിലാക്കുന്നതിൽ നമുക്ക് പിഴവുകൾ സംഭവിച്ചു. സൂപ്പർ ഓവർ ആയപ്പോൾ സഞ്ജു സാംസണേയും കെ എൽ രാഹുലിനേയും അയക്കാനായിരുന്നു ടീം ആദ്യം തീരുമാനിച്ചത്. പ്രഹരശേഷിയുടെ കാര്യത്തിൽ രണ്ട് പേരും മികച്ച താരങ്ങളാണ്. എന്നാൽ കൂടുതൽ പരിചയസമ്പന്നനായ താരം കൂടെ ഇറങ്ങണമെന്നുള്ള രാഹുലിന്റെ അഭ്യർഥന മാനിച്ചാണ് ഞാൻ തന്നെ ഇറങ്ങിയത്. സമ്മർദ്ദഘട്ടമായതിനാൽ ഞാൻ തന്നെ രംഗം കൈകാര്യം ചെയ്യാമെന്ന് കരുതി - മത്സരശേഷം കോലി വിശദമാക്കി.
 
സൂപ്പർ ഓവറുകൾ കളിച്ച് പരിചയമുള്ള കളിക്കാരനല്ല താനെന്നും എന്നാൽ ടീമിനായി ദൗത്യം ഭംഗിയായി നിർവഹിക്കാനായതിൽ സന്തോഷമുണ്ടെന്നും കോലി കൂട്ടിച്ചേർത്തു.
 
മത്സരത്തിൽ രോഹിത് ശർമ്മയ്‌ക്ക് വിശ്രമം അനുവദിച്ചാണ് പകരം സഞ്ജു സാംസണിന് അവസരം നൽകിയത്. കെ എൽ രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു നേരിട്ട മൂന്നാം പന്തിൽ സ്കോട്ട് കുഗ്ഗെലെയ്നെതിരെ സിക്സർ നേടിയെങ്കിലും അതികം വൈകാതെ തന്നെ പുറത്താവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍