Rohit Sharma: 'വീരു..! എനിക്ക് അല്ലെങ്കിലോ രണ്ട് ഡക്കുണ്ട്, ഇത് ബാറ്റില്‍ തട്ടിയിരുന്നു'; അംപയറെ ട്രോളി രോഹിത്

രേണുക വേണു
വ്യാഴം, 18 ജനുവരി 2024 (11:37 IST)
Rohit Sharma

Rohit Sharma: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. നിശ്ചിത ഓവര്‍ കളിയിലും രണ്ട് സൂപ്പര്‍ ഓവറുകളിലും രോഹിത് ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത ഓവര്‍ കളിയില്‍ 69 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം 121 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു. എന്നാല്‍ രോഹിത്തിന്റെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. റണ്‍സ് കണ്ടെത്താന്‍ രോഹിത് പ്രയാസപ്പെടുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. അതിനിടയില്‍ അംപയറോട് റണ്‍സിനു വേണ്ടി താരം വാദിക്കുകയും ചെയ്തു ! 
 
നേരിട്ട ഏഴാം പന്തിലാണ് രോഹിത്തിന്റെ വ്യക്തിഗത സ്‌കോറില്‍ ആദ്യ റണ്‍ പിറക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് താന്‍ ഒരു ഫോര്‍ അടിച്ചെന്ന് അംപയറിനോട് രോഹിത് രസകരമായ രീതിയില്‍ വാദിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് ക്രീസിലെത്തുന്നത്. ആദ്യ പന്ത് നേരിട്ടത് സഹഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ ആണ്. ആ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുക്കുകയും രോഹിത്തിന് സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തു. രോഹിത് സ്‌ട്രൈക്ക് ചെയ്ത ആദ്യ ഓവറിലെ രണ്ടാം പന്ത് ഫോര്‍ ആയി. എന്നാല്‍ അംപയര്‍ അത് ലെഗ് ബൈ ആണ് വിളിച്ചത്. അതുകൊണ്ട് രോഹിത്തിന്റെ വ്യക്തിഗത സ്‌കോറില്‍ ഉള്‍പ്പെടുത്തിയില്ല. 
 
യഥാര്‍ഥത്തില്‍ ആ പന്ത് തന്റെ ബാറ്റിലും തട്ടിയിരുന്നു എന്നാണ് രോഹിത് പറയുന്നത്. ബാറ്റില്‍ തട്ടിയതിനാല്‍ തന്നെ ആ ഫോര്‍ തന്റെ വ്യക്തിഗത സ്‌കോറിലാണ് വരേണ്ടതെന്നും രോഹിത് പറയുന്നു. പിന്നീട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയറായ വിരേന്ദര്‍ ശര്‍മയോട് രോഹിത് ഇക്കാര്യം പറയുകയും ചെയ്തു. 
 
' വീരു..! ആദ്യ ബോള്‍ ലെഗ് ബൈ ആണോ വിളിച്ചത് ? ബോള്‍ കൃത്യമായി എന്റെ ബാറ്റില്‍ തട്ടിയിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ ഈ പരമ്പരയില്‍ രണ്ട് കളി ഞാന്‍ പൂജ്യത്തിനാണ് പുറത്തായത്,' രോഹിത് ചിരിച്ചുകൊണ്ട് അംപയറോട് പറഞ്ഞു. സ്റ്റംപ് മൈക്കില്‍ ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article