നേരിട്ട ഏഴാം പന്തിലാണ് രോഹിത്തിന്റെ വ്യക്തിഗത സ്‌കോറില്‍ ആദ്യ റണ്‍ പിറക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് താന്‍ ഒരു ഫോര്‍ അടിച്ചെന്ന് അംപയറിനോട് രോഹിത് രസകരമായ രീതിയില്‍ വാദിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് ക്രീസിലെത്തുന്നത്. ആദ്യ പന്ത് നേരിട്ടത് സഹഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ ആണ്. ആ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുക്കുകയും രോഹിത്തിന് സ്‌ട്രൈക്ക് ലഭിക്കുകയും ചെയ്തു. രോഹിത് സ്‌ട്രൈക്ക് ചെയ്ത ആദ്യ ഓവറിലെ രണ്ടാം പന്ത് ഫോര്‍ ആയി. എന്നാല്‍ അംപയര്‍ അത് ലെഗ് ബൈ ആണ് വിളിച്ചത്. അതുകൊണ്ട് രോഹിത്തിന്റെ വ്യക്തിഗത സ്‌കോറില്‍ ഉള്‍പ്പെടുത്തിയില്ല.
യഥാര്‍ഥത്തില്‍ ആ പന്ത് തന്റെ ബാറ്റിലും തട്ടിയിരുന്നു എന്നാണ് രോഹിത് പറയുന്നത്. ബാറ്റില്‍ തട്ടിയതിനാല്‍ തന്നെ ആ ഫോര്‍ തന്റെ വ്യക്തിഗത സ്‌കോറിലാണ് വരേണ്ടതെന്നും രോഹിത് പറയുന്നു. പിന്നീട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയറായ വിരേന്ദര്‍ ശര്‍മയോട് രോഹിത് ഇക്കാര്യം പറയുകയും ചെയ്തു.
' വീരു..! ആദ്യ ബോള്‍ ലെഗ് ബൈ ആണോ വിളിച്ചത് ? ബോള്‍ കൃത്യമായി എന്റെ ബാറ്റില്‍ തട്ടിയിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ ഈ പരമ്പരയില്‍ രണ്ട് കളി ഞാന്‍ പൂജ്യത്തിനാണ് പുറത്തായത്,' രോഹിത് ചിരിച്ചുകൊണ്ട് അംപയറോട് പറഞ്ഞു. സ്റ്റംപ് മൈക്കില്‍ ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.