11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഐസിസി കിരീടനേട്ടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. രോഹിത് ശര്‍മ നായകനായ ഇന്ത്യന്‍ ടീം കിരീടനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്നും സൂപ്പര്‍ താരം വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പ് വിജയിച്ചതിന് ശേഷം സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍ പുതിയ പരിശീലകനായി ചുമതലയേല്‍ക്കുന്ന ഗൗതം ഗംഭീറിന്റെ നിലപാടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള രോഹിത്തിന്റെ പ്രതികരണമാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായത്.
ഈ ഫോര്‍മാറ്റില്‍ കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ഇതിലും നല്ലൊരു സമയമില്ല. എപ്പോഴും ഒരു ലോകകപ്പ് വിജയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് എനിക്ക് സാധിച്ചു. ടി20 ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്നാല്‍ സാഹചര്യം. ഞാന്‍ കരുതി ഇതാണ് വിരമിക്കാനുള്ള ശരിയായ സമയം എന്ന്. ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇതില്‍ ടി20യില്‍ നിന്നും വിരമിക്കാന്‍ രോഹിത് ആഗ്രഹിച്ചിരുന്നില്ല എന്ന ഭാഗമാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലനസ്ഥാനത്ത് തുടരില്ലെന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പിന് മുന്‍പ് തന്നെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബിസിസിഐ. പുതിയ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍ ടി20യില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ പരിഗണിക്കാനാകില്ലെന്നും വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളാകും ഇന്ത്യയ്ക്കുണ്ടാവുക എന്നതും വ്യക്തമാക്കിയിരുന്നു. കൂടാതെ താന്‍ ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫുകളെ ലഭ്യമാക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ടി20 ക്രിക്കറ്റില്‍ നിന്നുള്ള രോഹിത്തിന്റെ വിരമിക്കലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.