യുവരാജിന്റെ വിമര്‍ശനം; താന്‍ തബല വായിക്കാനിരിക്കുകയല്ലെന്ന് ശാസ്‌ത്രി - പന്ത് വിഷയത്തില്‍ പ്രതികരിച്ച് പരിശീലകന്‍

മെര്‍ലിന്‍ സാമുവല്‍

വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (12:49 IST)
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഋഷഭ് പന്തിനെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും പിന്തുണയ്‌ക്കണമെന്ന മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പ്രസ്‌താവന ഏറ്റെടുത്ത് ശാസ്‌ത്രി.

പന്ത് പിഴവുകള്‍ വരുത്തിയാല്‍ ശാസിക്കുമെന്നും തബല വായിക്കാനല്ല താൻ പരിശീലക സ്ഥാനത്തിരിക്കുന്നതെന്നും ശാസ്‌ത്രി വ്യക്തമാക്കി.

“ടീമിലെ സ്‌പെഷലായ താരമാണ് പന്ത്. താരത്തിന് പൂര്‍ണ്ണ പിന്തുണയും സമയവും നല്‍കും. ലോകോത്തര നിലവാരമുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് അവന്‍. മികച്ച ഒരു മാച്ച് വിന്നര്‍ കൂടിയാണ് അദ്ദേഹം. അതിനാല്‍ അവസരം നല്‍കി ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്”

പരിമിത ഓവര്‍ മത്സരങ്ങളില്‍ പന്തിനെ പോലെ കളി മാറ്റി മറിക്കാന്‍ ശേഷിയുള്ളവര്‍ കുറവാണ്. പല പ്രാവശ്യവും അത് തെളിയിക്കപ്പെട്ടതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഇനിയും പഠിക്കാനുണ്ട് പന്തിന്. അതിനുള്ള പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കും. ഏറ്റവും വിനാശകാരിയായ താരമായി മാറാനുള്ള കഴിവ് പന്തിനുണ്ടെന്നും ശാസ്‌ത്രി പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ പന്തിന് വ്യക്തമായ ഇടമുണ്ട് എന്നതാണ് വാസ്തവം. ടീമില്‍ ആര് പിഴവ് വരുത്തിയാലും വിമര്‍ശിക്കേണ്ടത് തന്റെ ജോലിയാണ്. പന്തിന്റെ കാര്യത്തില്‍ മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ദരും എന്ത് എഴുതിയാലും താരത്തിന് പിന്തുണയും സമയം നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍