ലോകകപ്പ്: പന്ത് ടീമിലെത്തിയാല്‍ ഈ സീനിയര്‍ താരം പുറത്ത്; വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടര്‍

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (17:30 IST)
ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ടീമില്‍ ഇടംനേടാനുള്ള മത്സരം രൂക്ഷമാകുന്നു. യുവതാരങ്ങളുടെ മുന്നേറ്റമാണ് സീനിയര്‍ താരങ്ങള്‍ക്ക് പോലും വെല്ലുവിളിയായിരിക്കുന്നത്. ഋഷഭ് പന്ത് മുതല്‍ ശുഭ്മാന്‍ ഗില്‍‌വരെ ഇക്കാര്യത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

ടീമില്‍ ഇടംനേടാനുള്ള മത്സരത്തില്‍ യുവതാരം ഋഷഭ് പന്ത് മുന്നിലാണെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമുള്ള യുവതാരത്തിന്റെ പ്രകടനമാണ് സെലക്‍ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

അനുഭവ സമ്പത്തും പക്വതയും കൈവരുന്നതിനായി പന്തിനെ കൂടുതല്‍ മത്സരങ്ങളില്‍ കളിപ്പിക്കുമെന്ന് പ്രസാദ് വ്യക്തമാക്കുന്നു. പന്തിന്റെ ഫോം തിരിച്ചടിയാകുന്നത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ അടുപ്പക്കാരനായ അജിങ്ക്യ രഹാനെയ്‌ക്കാണ്.

ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി രഹാനെയും  പന്തും തമ്മിലാണ് മത്സരമെന്ന് പ്രസാദ് കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ ഫോമാണ് രഹാനെയ്‌ക്ക് നേട്ടമാകുന്നത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ 11 ഇന്നിംഗ്‌സുകളില്‍ നിന്ന്
74.62 ശരാശരിയില്‍ 597 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്. വിജയ് ശങ്കറുടെ പ്രകടനവും മതിപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോഹ്‌ലിയുമാ‍യുള്ള രഹാനെയുടെ അടുപ്പം പന്തിന് വിനയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article