ഓവലില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 3 വിക്കറ്റിന് 327 റണ്‍സെന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് ടീമിനെ ശക്തമായ നിലയിലെത്തിച്ചത്. ഈ അവസ്ഥയില്‍ ഹെഡിനെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ്. ഗില്‍ക്രിസ്റ്റിന്റെ ബാറ്റിംഗുമായി സാമ്യതയുള്ളതാണ് ഹെഡിന്റെ ബാറ്റിംഗെന്ന് പോണ്ടിംഗ് പറയുന്നു.
ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് ഗില്‍ക്രിസ്റ്റിന് സമാനമാണ്. ഗിൽക്രിസ്റ്റ് നേടിയതിനേക്കാള്‍ വേഗത്തില്‍ ഹെഡ് സ്‌കോര്‍ ചെയ്യുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 81 സ്‌െ്രെടക്ക്‌റേറ്റിലാണ് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 500ന് മുകളില്‍ സ്‌കോര്‍ ചെയ്ത ലോകത്തിലെ മറ്റേത് താരത്തിനേക്കാളും ഉയര്‍ന്നതാണിത്. കളിക്കനുസരിച്ച് അവന്റെ ആത്മവിശ്വാസവും വളര്‍ന്നുകൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി അവന്‍ ബൗണ്ടറികള്‍ നേടുന്നത് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു. അതാണ് മധ്യനിര കളിക്കാരില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 2 വര്‍ഷമായി മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത് പോണ്ടിംഗ് പറഞ്ഞു.