കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച അന്തിമ ഇലവനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ലോകത്തിലെ പല മാസികകളും താരങ്ങളും തങ്ങളുടെ ലോക ഇലവനുകളെ ഇത്തരത്തിൽ തെരെഞ്ഞെടുത്തിട്ടുണ്ട്. മുൻ ഓസീസ് ക്യാപ്റ്റനായ റിക്കി പോണ്ടിങ്ങാണ് ഇപ്പോൾ അവസാനമായി തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതീക്ഷച്ചത് പോലെ ഓസീസ് താരങ്ങളുടെ ആധിക്യമാണ് പോണ്ടിങിന്റെ ടീമിലുള്ളത്. ഇംഗ്ലണ്ടിൽ നിന്ന് നാല് താരങ്ങൾ പോണ്ടിങ്ങിന്റെ ടെസ്റ്റ് ടീമിലെത്തിയപ്പോൾ ഓസീസിൽ നിന്നും മൂന്ന് താരങ്ങളേയും താരം തെരഞ്ഞെടുത്തു.
ഓസീസിന്റെ ഡേവിഡ് വാർണറും ഇംഗ്ലണ്ടിന്റെ അലിസ്റ്റർ കുക്കുമായിരിക്കും ടീമിന്റെ ഓപ്പണിങ് ചുമതല വഹിക്കുന്നത്. അടുത്തിടെ പാകിസ്ഥാനെതിരെ നേടിയ ട്രിപ്പിൾ സെഞ്ച്വറി പ്രകടനത്തോടെ മികച്ച ഫോമിലാണ് വാർണർ. കുക്ക് ആകട്ടെ ഈ ദശകത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ താരവും. മൂന്നാം നമ്പറിൽ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്ല്യംസൺ കളിക്കുമ്പോൾ സ്മിത്ത് നാലാമനായി കളത്തിലിറങ്ങും.
ലോക ഒന്നാം നമ്പർ താരമായ കോലിയായിരിക്കും സ്മിത്തിന് ശേഷം കളിക്കുന്ന കളിക്കാരൻ. ടീമിന്റെ ക്യാപ്റ്റനായി പോണ്ടിങ് നിയമിച്ചിരിക്കുന്നതും കോലിയേയാണ്. മുൻ ശ്രീലങ്കൻ താരമായ സങ്കക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. ഓൾ റൗണ്ടറായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനേയും ടീമിലെടുത്തിട്ടുണ്ട്.
മൂന്ന് പേസർമാരും ഒരു സ്പിന്നറുമടങ്ങുന്നതാണ് പോണ്ടിങ്ങിന്റെ ബൗളിങ് നിര. ദക്ഷിണാഫ്രിക്കയുടെ ഡേയ്‌ൽ സ്റ്റേയ്‌നും ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണൂം സ്റ്റുവർട്ട് ബ്രോഡുമാണ് ടീമ്മിലെ പേസർമാർ. ഓസീസ് താരം നതാൻ ലിയോൺ ആണ് പ്ലേയിങ് ഇലവനിലെ ഏക സ്പിന്നർ.