റെക്കോർഡുകളിൽ കണ്ണുവെച്ച് രാജസ്ഥാൻ താരങ്ങൾ ഇന്നിറങ്ങുന്നു, സഞ്ജുവിനും ചഹലിനും മുന്നിൽ വമ്പൻ നേട്ടങ്ങൾ

ബുധന്‍, 5 ഏപ്രില്‍ 2023 (15:13 IST)
ഐപിഎൽ പതിനാറാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ ഇന്നിറങ്ങുമ്പോൾ വിജയത്തിനൊപ്പം തന്നെ റെക്കോർഡുകളും ഉന്നം വെച്ച് രാജസ്ഥാൻ താരങ്ങൾ. നായകൻ സഞ്ജു സാംസൺ, ടോപ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ, വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ട്‌ലർ എന്നിങ്ങനെ മൂന്ന് താരങ്ങളെ കാത്താണ് വമ്പൻ നേട്ടങ്ങൾ കാത്തിരിക്കുന്നത്.
 
ഇന്ന് നടക്കുന്ന മത്സരത്തിൽ 6 സിക്സുകൾ നേടാനായാൽ ടി20 ഫോർമാറ്റിൽ 250 സിക്സുകളെന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജു സാംസണിന് കഴിയും.അതേസമയം ഇന്നത്തെ മത്സരത്തിൽ 39 റൺസ് നേടാനായാൽ 9500 ടി20 റൺസുകളെന്ന നേട്ടം സ്വന്തമാക്കാൻ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലർക്കും സാധിക്കും. നിലവിൽ 9461 റൺസാണ് ബട്ട്‌ലറുടെ സമ്പാദ്യം. ഐപിഎല്ലിൽ താരത്തിന് 2885 റൺസാണുള്ളത്. യൂസ്വേന്ദ്ര ചാഹലാണ് റെക്കോർഡുകൾക്ക് മുന്നിലുള്ള മറ്റൊരു താരം. ഇന്നത്തെ മത്സരത്തിൽ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കാനായാൽ ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിൽ ശ്രീലങ്കൻ താരം ലസിത് മലിംഗയെ മറികടന്ന രണ്ടാമതെത്താൻ ചാഹലിനാകും. ഇരുവർക്കും നിലവിൽ 170 വിക്കറ്റുകളാണുള്ളത്. 183 വിക്കറ്റുകളുള്ള ഡ്വെയ്ൻ ബ്രാവോയാണ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍