ഐപിഎല്ലിൽ അയ്യായിരം റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം, ചരിത്രനേട്ടം സ്വന്തമാക്കി ധോനി

ചൊവ്വ, 4 ഏപ്രില്‍ 2023 (17:17 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് നാല് കൊല്ലങ്ങൾ കഴിഞ്ഞുവെങ്കിലും ഐപിഎല്ലിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോനി. ഐപിഎല്ലിലെ ആദ്യ സീസൺ മുതൽ നിലവിലെ സീസൺ വരെ നായകനായി കളിക്കുന്ന ഏകതാരവും ധോനിയാണ്. നീണ്ട 16 വർഷക്കാലത്തെ ഐപിഎൽ കരിയറിന് തിളക്കമേകി ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ല് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകൻ.
 
ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ധോനി. ആകെ 7 താരങ്ങളാണ് ഐപിഎല്ലിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. വിരാട് കോലി,ശിഖർ ധവാൻ,ഡേവിഡ് വാർണർ,രോഹിത് ശർമ,സുരേഷ് റെയ്ന,എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് നേരത്തെ ഐപിഎല്ലിൽ 5000 റൺസ് കടമ്പ പിന്നിട്ട താരങ്ങൾ. 236 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ധോനിയുടെ നേട്ടം.
 
6706 റൺസുമായി കോലിയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. 6284 റൺസുമായി ശിഖർ ധവാൻ രണ്ടാമതും 5937 റൺസുമായി ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തുമാണ്. രോഹിത് ശർമ(5880),സുരേഷ് റെയ്ന(5528) എ ബി ഡിവില്ലിയേഴ്സ്(5162) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍