അത് തലയുടെ ഐഡിയ അല്ല; ചെന്നൈ ജയിക്കാന്‍ കാരണമായ തീരുമാനത്തിനു പിന്നില്‍ മറ്റൊരാള്‍

ചൊവ്വ, 4 ഏപ്രില്‍ 2023 (15:02 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിരുന്നു. ലഖ്‌നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുക്കാനാണ് സാധിച്ചത്. അവസാന നിമിഷം വരെ ലഖ്‌നൗവിന് വിജയസാധ്യതയുണ്ടായിരുന്നു. 
 
200 ല്‍ കൂടുതല്‍ റണ്‍സ് ഉണ്ടായിട്ടും അത് പ്രതിരോധിക്കാന്‍ പാടുപെടുകയായിരുന്നു ചെന്നൈ ബൗളര്‍മാര്‍. ആറാം ഓവറില്‍ കെയ്‌ലി മേയേര്‍സ് പുറത്തായതോടെയാണ് ചെന്നൈ കളിയിലേക്ക് മടങ്ങിവരാന്‍ തുടങ്ങിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച മേയേര്‍സ് 22 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സെടുത്തു. 
 
പേസര്‍മാരെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുകയായിരുന്നു മേയേര്‍സ്. പവര്‍പ്ലേയില്‍ ടീം ടോട്ടല്‍ 80 ലേക്ക് എത്തിയത് അങ്ങനെയാണ്. ഇടംകൈയന്‍ ബാറ്ററായ മേയേര്‍സിന് സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി പവര്‍പ്ലേയിലെ അവസാന ഓവറില്‍ മൊയീന്‍ അലിക്ക് പന്ത് ഏല്‍പ്പിക്കുകയായിരുന്നു ചെന്നൈ. പേസിന് അടി കിട്ടിക്കൊണ്ടിരിക്കുമ്പോഴും പവര്‍പ്ലേയിലെ ആദ്യ അഞ്ച് ഓവര്‍ വരെ സ്പിന്നിനെ പരീക്ഷിക്കാന്‍ ധോണി തയ്യാറായില്ല. ഒടുവില്‍ മൊയീന്‍ അലി തന്നെയാണ് പേസിനെ മാറ്റി സ്പിന്നിനെ എറിയിപ്പിക്കാന്‍ ധോണിയോട് ആവശ്യപ്പെട്ടത്. ആറാം ഓവര്‍ എറിയാന്‍ മൊയീന്‍ അലി എത്തിയതോടെ കളിയുടെ ഗതി മാറി. കുറച്ചുകൂടി നേരത്തെ സ്പിന്നര്‍മാര്‍ക്ക് ധോണി പന്ത് കൊടുത്തിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ ഇത്ര അധികം റണ്‍സ് ലഖ്‌നൗ സ്‌കോര്‍ ചെയ്യില്ലായിരുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍