Ravindra Jadeja and Sarfaraz Khan: 'അത് എന്റെ തെറ്റ് തന്നെ' സര്‍ഫ്രാസിനോട് ക്ഷമ ചോദിച്ച് ജഡേജ

രേണുക വേണു
വെള്ളി, 16 ഫെബ്രുവരി 2024 (10:58 IST)
Jadeja and Sarfaraz Khan

Ravindra Jadeja and Sarfaraz Khan: സര്‍ഫ്രാസ് ഖാനോട് ക്ഷമ ചോദിച്ച് രവീന്ദ്ര ജഡേജ. രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സര്‍ഫ്രാസ് ഖാന്‍ റണ്‍ഔട്ട് ആയത് തന്റെ പിഴവുകൊണ്ട് ആണെന്ന് ജഡേജ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ജഡേജയുടെ ക്ഷമാപണം. 
 
' സര്‍ഫ്രാസ് ഖാന് സംഭവിച്ചതില്‍ എനിക്ക് വലിയ വേദന തോന്നുന്നു. അത് എന്റെ തെറ്റായ കോള്‍ ആയിരുന്നു. താങ്കള്‍ നന്നായി കളിച്ചു' ജഡേജ പറഞ്ഞു. സര്‍ഫ്രാസിന്റെ റണ്‍ഔട്ടിനു പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ജഡേജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സര്‍ഫ്രാസിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ജഡേജയുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചില്ലായിരുന്നെങ്കില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫ്രാസ് സെഞ്ചുറി നേടുമായിരുന്നെന്നാണ് ആരാധകരുടെ പക്ഷം. 66 പന്തില്‍ 62 റണ്‍സെടുത്താണ് സര്‍ഫ്രാസ് പുറത്തായത്. ഇന്ത്യന്‍ ഡ്രസിങ് റൂമിനെ മുഴുവന്‍ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു സര്‍ഫ്രാസിന്റെ റണ്‍ഔട്ട്. 
 
ജഡേജ 99 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മിഡ് - ഓണിലേക്ക് സിംഗിളിനായി ശ്രമിച്ച ജഡേജ ആ തീരുമാനം പിന്‍വലിച്ച് ക്രീസിലേക്ക് തിരിച്ചു കയറിയതാണ് സര്‍ഫ്രാസിന്റെ വിക്കറ്റ് പോകാന്‍ കാരണം. സിംഗിളിനായി ക്രീസില്‍ നിന്ന് ഇറങ്ങിയ ജഡേജ പന്ത് ഫീല്‍ഡറുടെ കൈയില്‍ എത്തിയതു കണ്ട് തിരിച്ചു ക്രീസിലേക്ക് കയറി. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന സര്‍ഫ്രാസിന് തിരിച്ച് ക്രീസില്‍ കയറാന്‍ സാധിച്ചില്ല. മാര്‍ക്ക് വുഡ് ഡയറക്ട് ത്രോയിലൂടെ സര്‍ഫ്രാസിനെ പുറത്താക്കി. 
 
ജഡേജ സെല്‍ഫിഷ് ആയി പെരുമാറിയതു കൊണ്ടാണ് സര്‍ഫ്രാസിന് വിക്കറ്റ് നഷ്ടമായതെന്നും സിംഗിളിനായി ആദ്യം കോള്‍ ചെയ്തത് ജഡേജ തന്നെയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സീനിയര്‍ താരമായ ജഡേജ അരങ്ങേറ്റക്കാരനായ സര്‍ഫ്രാസിന്റെ വിക്കറ്റിനാണ് അപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി ജഡേജ പെരുമാറി. അതുകൊണ്ട് തന്നെ ജഡേജയുടെ സെഞ്ചുറിക്ക് ഒരു വിലയുമില്ലെന്നാണ് ആരാധകര്‍ രൂക്ഷമായി പ്രതികരിക്കുന്നത്. ജഡേജയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആംഗ്രി ഇമോജിയോടെ പ്രതികരിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article