ഇന്ത്യ - വിന്‍ഡീസ്‌ ടെസ്‌റ്റ് പരമ്പര: വിന്‍ഡീസ്‌ ടീമില്‍ നിന്നും ദിനേഷ്‌ രാംദീന്‍ പുറത്ത്

ബുധന്‍, 13 ജൂലൈ 2016 (10:33 IST)
ഇന്ത്യക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള വെസ്‌റ്റിന്‍ഡീസ്‌ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ ഷായ്‌ ഹോപ്‌, വെറ്ററന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ രാംദീന്‍ എന്നിവരെ ഒഴിവാക്കിയാണ്‌ വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചത്‌. 
 
ഇന്ത്യക്കെതിരേ കഴിഞ്ഞ ദിവസം നടന്ന ദ്വിദിന സന്നാഹ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ ഇലവനു വേണ്ടി സെഞ്ചുറിയടിച്ച താരമാണ് ഷായ്‌ ഹോപ്‌. അദ്ദേഹം ടീമിലുണ്ടാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്‌. എന്നാല്‍ ഷായ്‌ ഹോപിനു പകരം ഗയാനയുടെ ലിയോണ്‍ ജോണ്‍സണിനെയാണു പരിഗണിച്ചത്‌. 
 
മങ്ങിയ ഫോമില്‍ തുടരുന്ന ദിനേഷ്‌ രാംദീന്‍ പുറത്തായതില്‍ വലിയ അദ്‌ഭുതമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബാര്‍ബഡോസിന്റെ റോസ്‌റ്റണ്‍ ചേസാണ്‌ ടീമിലെ അരങ്ങേറ്റക്കാരന്‍. കഴിഞ്ഞ സീസണില്‍ 59.16 ശരാശരിയില്‍ 710 റണ്‍സ് ആയിരുന്നു ചേസ് നേടിയത്. കൂടാതെ പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നറായ ചേസ്‌ 23 വിക്കറ്റ് നേടുകയും ചെയ്തിരുന്നു. 
 
ഒന്നാം ടെസ്‌റ്റ് ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാഡ്‌സണ്‍ സ്‌റ്റേഡിയത്തില്‍ 21 നു ആരംഭിക്കും. പ്രകടന സ്‌ഥിരത പുറത്താത്ത ജെറോം ടെയ്‌ലര്‍, കീമര്‍ റോച്ച്‌ പേസ്‌ ജോഡികളെയും ടീമിലേക്കു പരിഗണിച്ചില്ല. ഷെയ്‌ന്‍ ഡൗറിച്ചാണ്‌ ടീമിലെ വിക്കറ്റ്‌ കീപ്പര്‍.
 
ടീം: ജാസണ്‍ ഹോള്‍ഡര്‍ (നായകന്‍), ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റ്, ദേവേന്ദ്ര ബിഷൂ, ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ്‌, കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റ്, ഡാരന്‍ ബ്രാവോ, രാജേന്ദ്ര ചന്ദ്രിക, റോസ്‌റ്റണ്‍ ചേസ്‌, ഷെയ്‌ന്‍ ഡൗറിച്ച്‌, ഷാനോണ്‍ ഗബ്രിയേല്‍, ലിയോണ്‍ ജോണ്‍സണ്‍, മര്‍ലോണ്‍ സാമുവല്‍സ്‌.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക