Rajasthan Royals: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ ഇനിയും കാത്തിരിക്കണം. ഇനിയുള്ള ഓരോ മത്സരങ്ങളും സഞ്ജുവിനും സംഘത്തിനും നിര്‍ണായകമാണ്. ഗുജറാത്തിനെതിരെ ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന്‍ പ്ലേ ഓഫിനോട് വളരെ അടുക്കുമായിരുന്നു.
ഗുജറാത്തിനെതിരെ തോറ്റതോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു രാജസ്ഥാന്‍. പത്ത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും അഞ്ച് തോല്‍വിയുമായി പത്ത് പോയിന്റോടെയാണ് രാജസ്ഥാന്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. പത്ത് കളികളില്‍ ഏഴ് ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഗുജറാത്താണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ 11 പോയിന്റോടെ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ പത്ത് പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ആര്‍സിബി രണ്ടാം സ്ഥാനത്തേക്ക് എത്തും. ഇതോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് താഴും.
മുന്‍ സീസണുകളിലെ വീഴ്ച ആവര്‍ത്തിക്കുകയാണ് രാജസ്ഥാന്‍. തുടക്കം നന്നായി കളിക്കുകയും പിന്നീട് സീസണ്‍ അവസാനിക്കുന്ന സമയം ആകുമ്പോള്‍ തുടര്‍ തോല്‍വികളോടെ പിന്നിലേക്ക് പോകുകയും ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും രാജസ്ഥാന് ഉണ്ടാകാറുള്ളത്. ഇത്തവണയും അത് ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് സഞ്ജു ആരാധകര്‍.