ട്വന്റി 20 ലോകകപ്പ് ജയത്തോടെ ഇന്ത്യയുടെ മുഴുവന്‍ അഭിമാനമായിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 11 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഐസിസി ടൂര്‍ണമെന്റില്‍ ചാംപ്യന്‍ പട്ടം നേടുമ്പോള്‍ അതിന്റെ ഭാഗമായതില്‍ ദ്രാവിഡിനും അഭിമാനിക്കാം. എന്നാല്‍ രോഹിത് ശര്‍മയുടെ ഒരൊറ്റ ഫോണ്‍ കോളിന്റെ ബലത്തിലാണ് ഈ ലോകകപ്പ് ജയത്തിന്റെ ഭാഗമാകാന്‍ ദ്രാവിഡിനു സാധിച്ചത്. അന്ന് രോഹിത് വിളിച്ചില്ലായിരുന്നെങ്കില്‍ ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ അമേരിക്കയിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് ഉണ്ടാകില്ലായിരുന്നു.
2023 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഒഴിയാന്‍ ദ്രാവിഡ് തീരുമാനിച്ചിരുന്നു. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. ഇത് ദ്രാവിഡിനെ മാനസികമായി തളര്‍ത്തിയിരുന്നു. ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ദ്രാവിഡ് ബിസിസിഐ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ ഈ സമയത്ത് നിര്‍ണായക ഇടപെടല്‍ നടത്തുകയായിരുന്നു.
ദ്രാവിഡിനെ ഫോണില്‍ വിളിച്ച രോഹിത് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ദ്രാവിഡ് ടീമിന്റെ ഭാഗമായി വേണമെന്ന് രോഹിത് ആവശ്യപ്പെട്ടു. ഒടുവില്‍ രോഹിത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ സമ്മതിച്ചത്. ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം ദ്രാവിഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് ഇപ്പോള്‍ പടിയിറങ്ങുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര മുതല്‍ ഇന്ത്യക്ക് പുതിയ പരിശീലകനെ ലഭിക്കും.