ഫിനിഷറുടെ റോൾ നൽകി, വെല്ലുവിളി ഏറ്റെടുത്ത് മികവ് കാട്ടി: അയ്യരുടെ വളർച്ച ശ്രദ്ധേയമെന്ന് ദ്രാവിഡ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (20:53 IST)
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരം അവസാനിക്കുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് വെങ്കിടേഷ് അയ്യരുടെയും സൂര്യകുമാർ യാദവിന്റെയും പ്രകടനമാണ്. ഇതിൽ വെങ്കിടേഷ് അയ്യരാകട്ടെ ഏറെ നാളായി ഇന്ത്യ കാത്തിരിക്കുന്ന ഫിനിഷിങ് ഓൾറൗണ്ടർ എന്ന റോളിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകുമെന്നാണ് കരുതപ്പെടുന്നത്.
 
ഇപ്പോഴിതാ മൂന്നാം മത്സരത്തിന് പിന്നാലെ വെങ്കിടേഷ് അയ്യരെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടീം കോച്ചായ രാഹുൽ ദ്രാവിഡ്. മികച്ച രീതിയിലാണ് അയ്യർ ഫിനിഷറുടെ റോൾ കൈകാര്യം ചെയ്‌തതെന്ന് ദ്രാവിഡ് പറഞ്ഞു. ഫിനിഷർ എന്ന നിലയിൽ അയ്യർ കൈവരിച്ച പുരോഗതി‌യിൽ സന്തോഷമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.
 
പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 92 റൺസാണ് താരം നേടിയത്. രണ്ടാം ടി20യിൽ 18 പന്തിൽ 33 റൺസും മൂന്നാം ടി20യിൽ 19 പന്തിൽ 35 റൺസും താരം നേടിയിരുന്നു. പ്രതിസന്ധിഘട്ട‌ങ്ങളിൽ ബാറ്റിങ്ങിനിറങ്ങി അനായസമായി റൺസ് കണ്ടെത്തിയതാണ് വെങ്കിടേഷ് അയ്യരെ ടീമിൽ പ്രിയങ്കരനാക്കുന്നത്. ഹാർദിക്കിന് പകരം ആറാം ബൗളർ എന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍