വെസ്റ്റിൻഡീസിലെ സാഹചര്യം വ്യത്യസ്തമാണ്, അഫ്ഗാനെതിരെ ടീമിൽ മാറ്റമുണ്ടാകും, എന്നാൽ സഞ്ജുവിന് പ്രതീക്ഷ വേണ്ട

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (13:13 IST)
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തലേന്ന് നല്‍കിയ വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കയിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് വെസ്റ്റിന്‍ഡീസെന്നും അതിനാല്‍ തന്നെ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും ദ്രാവിഡ് വ്യക്തമാക്കിയത്.
 
അമേരിക്കയിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചുകളില്‍ ഒരു അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ടായിരിന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസില്‍ ബാറ്റിംഗിന് കുറച്ചുകൂടി അനുകൂലമായ പിച്ചാണ്. ഇവിടെ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോള്‍ വഹിക്കാനാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്ത 4 പേര്‍ ടീമിലുണ്ട്. അവരെ ആരെയെങ്കിലും ഒഴിവാക്കുക എന്നത് വിഷമമുള്ള കാര്യമാണ്. സത്യസന്ധമായി പറഞ്ഞാല്‍ കഴിവുറ്റ താരങ്ങളാണ് അവര്‍.
 
 അമേരിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം കോമ്പിനേഷന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. വിന്‍ഡീസിലേക്ക് വരുമ്പൊള്‍ സ്പിന്നര്‍മാര്‍ക്ക് റോള്‍ കൂടുതലാണ്. അതിനാല്‍ തന്നെ കുല്‍ദീപ് യാദവിനെയോ യൂസ്വേന്ദ്ര ചാഹലിനെയോ പ്ലേയില്‍ ഇലവനില്‍ തിരെഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. പിച്ചും സാഹചര്യവും പരിഗണിച്ചാകും ഇത് തീരുമാനിക്കുകയെന്നും ദ്രാവിഡ് വ്യക്തമാക്കി. അതേസമയം അഫ്ഗാന്‍ കരുത്തരായ എതിരാളികളാണെന്നും ടി20 ലീഗുകളില്‍ നിരന്തരം കളിക്കുന്ന താരങ്ങള്‍ ടീമിലുണ്ട് എന്നത് അഫ്ഗാനെ അപകടകാരികളാക്കുന്നുവെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article