ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്
തിങ്കള്‍, 7 നവംബര്‍ 2016 (10:20 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന നിലയിലാണ് ഓസ്ട്രേലിയ. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കേ മത്സരം ജയിക്കുന്നതിനായി അവര്‍ക്ക് ഇനിയും 276 റണ്‍സ് കൂടി വേണം. 20റണ്‍സുമായി പീറ്റര്‍ നെവിലും റണ്ണൊന്നുമെടുക്കാതെ പീറ്റര്‍ സെഡിലുമാണ് ക്രീസില്‍.
നേരത്തെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്ക് 539 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സ് എടുത്ത് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്‍ഗറും ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കക്കായി കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 316 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം എല്‍ഗര്‍ 127റണ്‍സ് നേടിയപ്പോള്‍ 225 പന്തില്‍ 20 ഫോറും ഒരു സിക്‌സും ഉള്‍പെടെയാണ് ഡുമിനി 141 റണ്‍സ് നേടിയത്. കൂടാതെ 64 റണ്‍സുമായി ഡികോക്കും 73 റണ്‍സുമായി പിലാന്തര്‍ മികച്ച പിന്തുണനല്‍കി. ആദ്യമത്സരം കളിക്കുന്ന മഹാരാജ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.