ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും രവിചന്ദ്രന്‍ അശ്വിനെ പുറത്തിരിത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു. ഓവലിലേത് സ്പിന്നിന് കൂടുതല്‍ അനുകൂലമായ പിച്ചാണ്. എന്നിട്ടും, ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ രണ്ടാം റാങ്കുള്ള ബൗളറായ അശ്വിനെ ടീമിലേക്ക് പരിഗണിക്കാത്തത് കൂടുതല്‍ വിവാദമാകുകയാണ്. ടെസ്റ്റ് റാങ്കില്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലാണ് ബഞ്ചിലിരിക്കുന്നത്.
അശ്വിനെ നിരന്തരം ഒഴിവാക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായപ്പെടുന്നു. കോലിക്ക് അശ്വിനോട് എന്താണിത്ര വൈരാഗ്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ഇംഗ്ലണ്ടില്‍ നാല് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടെന്ന് അവര്‍ക്കെതിരെ പന്തെറിയാന്‍ അശ്വിനേക്കാള്‍ നല്ലത് ജഡേജയാണെന്നും കോലി ഓവലിലെ ടോസിങ്ങിന് ശേഷം പറഞ്ഞത് വിവാദമായി. ഒന്നാം ടെസ്റ്റില്‍ അവസരം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ പേരില്‍ പിന്നീട് ഒഴിവാക്കുകയും ചെയ്ത ശര്‍ദുല്‍ താക്കൂറിന് പോലും നാലാം ടെസ്റ്റില്‍ കോലി അവസരം നല്‍കിയിട്ടുണ്ട്. എന്നിട്ടും, ലോക രണ്ടാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ടീമില്‍ ഇടംപിടിക്കാത്തത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഓവലില്‍ ഒരേസമയം, ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അശ്വിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.