ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരു സമയത്തും പാക് താരങ്ങളുമായി സൗഹൃദം വേണ്ടെന്ന ഇന്ത്യന്‍ തീരുമാനത്തിന് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറെന്ന് റിപ്പോര്‍ട്ട്. മത്സരത്തില്‍ ടോസിന്റെ സമയത്തും മത്സരശേഷവും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക് നായകനായ സല്‍മാന്‍ അലി ആഗയ്ക്ക് ഹസ്തദാനം നല്‍കിയിരുന്നില്ല. മത്സരശേഷം ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനം നടത്താന്‍ പാക് താരങ്ങള്‍ മൈതാനത്ത് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഡ്രസിംഗ് റൂം വാതിലടച്ചതോടെ പാക് താരങ്ങള്‍ മടങ്ങിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് പാക് താരങ്ങളുമായി യാതൊരു സൗഹൃദവും വേണ്ടെന്ന നിലപാട് ഇന്ത്യന്‍ പരിശീലകന്‍ എടുത്തതെന്നാണ് സൂചന, മത്സരത്തിന് മുന്‍പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടെലികോ ഏഷ്യാ സപ്പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.
മത്സരത്തിന് മുന്‍പായി പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് മത്സരം നടത്തുന്നതില്‍ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഈ കാര്യത്തില്‍ ആശങ്കകള്‍ ഉന്നയിച്ച ഇന്ത്യന്‍ കളിക്കാരോട് മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാനാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്. കളിയില്‍ മാത്രം ശ്രദ്ധ നല്‍കുക അതേ സമയം പഹല്‍ഗാമില്‍ നടന്നത് മറക്കരുത്. പാക് താരങ്ങളുമായി സൗഹൃദം വേണ്ട. കളിക്കുക, വിജയിക്കുക. ഇത് മാത്രം നോക്കിയാല്‍ മതി എന്നായിരുന്നു ഗംഭീറിന്റെ കര്‍ശന നിര്‍ദേശം.