കാൺപൂർ ടെസ്റ്റ്: അശ്വിൻ മുൻപിൽ 6 റെക്കോർഡുകൾ

അഭിറാം മനോഹർ

ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (12:18 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ കാത്ത് നിരവധി റെക്കോര്‍ഡുകള്‍. ചെന്നൈ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ അശ്വിന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ 6 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടമുള്ള താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം ഇടം നേടാനും അശ്വിന് സാധിച്ചിരുന്നു.
 
ബംഗ്ലാദേശിനെതിരാ കാണ്‍പൂര്‍ ടെസ്റ്റില്‍ നാലാം ഇന്നിങ്ങ്‌സില്‍ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്ങ്‌സില്‍ 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം അശ്വിന് സ്വന്തമാകും. 3 വിക്കറ്റുകള്‍ മത്സരത്തില്‍ സ്വന്തമാക്കാനായാല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാകും. 31 വിക്കറ്റുകളുമായി സഹീര്‍ ഖാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
 
 ഇനി മത്സരത്തില്‍ 4 വിക്കറ്റുകള്‍ സ്വന്തമാക്കാനായാല്‍ 2023-2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ബൗളറെന്ന നേട്ടം അശ്വിന്റെ പേരിലാകും. ജോഷ് ഹേസല്‍വുഡിനെയാകും അശ്വിന്‍ മറികടക്കുക. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം ഒരു ഇന്നിങ്ങ്‌സില്‍ സ്വന്തമാക്കാനായാല്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൈഫറുള്ള രണ്ടാമത് ബൗളറെന്ന നേട്ടം അശ്വിന്റെ പേരിലാകും. മത്സരത്തിലാകെ 8 വിക്കറ്റുകള്‍ സ്വന്തമാക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവും അശ്വിന്റെ പേരിലാകും. 187 വിക്കറ്റുകളുമായി ഓസീസ് താരം നാഥന്‍ ലിയോണാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്.
 
 അതേസമയം മത്സരത്തില്‍ 9 വിക്കറ്റുകള്‍ നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള സ്പിന്നറെന്ന നേട്ടം അശ്വിന് സ്വന്തമാക്കാനാകും. 530 വിക്കറ്റുകളുമായി ഓസീസ് സ്പിന്നര്‍ നാഥന്‍ ലിയോണാണ് അശ്വിന് മുന്നിലുള്ളത്. 522 ടെസ്റ്റ് വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍