പുനെയിലെ പിച്ചില്‍ ബിസിസിഐ നാണം കെട്ടു; വടിയെടുത്ത് ഐസിസി - തലകുനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

ചൊവ്വ, 28 ഫെബ്രുവരി 2017 (20:23 IST)
ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് നടന്ന പുനെയിലെ പിച്ചിന് നിലവാരമില്ലെന്ന് ഐസിസി. പിച്ച് നിലവാരം കുറഞ്ഞതായിരുന്നെന്ന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ടിന്‍മേല്‍ 14 ദിവസത്തിനകം ബിസിസിഐ വിശദീകരണം നല്‍കണമെന്ന് ഐസിസി വ്യക്തമാക്കി.

ബിസിസിഐ നൽകുന്ന വിശദീകരണം വിലയിരുത്തിയ ശേഷമായിരിക്കും ഐസിസിയുടെ അടുത്ത നടപടികൾ. അതേസമയം, പിച്ചിനെക്കുറിച്ച് ബിസിസിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ക്യൂറേറ്റർ പാണ്‍ദുര്‍ഗ് സാൽഗോൻക്കർ പറഞ്ഞു. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രണ്ടാം ടെസ്റ്റ് ബെംഗളൂരുവിലാണ്. ഇരു ടീമുകള്‍ക്കും ഒരുപോലെ അനുകൂലമായ പിച്ചായിരിക്കും ബംഗളൂരുവിലേതെന്ന് സംഘാടകര്‍ അറിയിച്ചു.

പാണ്‍ദുര്‍ഗ് സാൽഗോൻക്കറിന്റെ വെളിപ്പെടുത്തല്‍:-

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ഒരുക്കിയ പിച്ച് അപകടമുണ്ടാക്കുമെന്ന് ബിസിസിഐയോട് വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പിച്ച് നിര്‍മിച്ചത്. വരണ്ടു കീറിയ പിച്ച് തിരിച്ചടിയാകുമെന്നും ബന്ധപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പിച്ചില്‍ നിന്നും പുല്ല് നീക്കം ചെയ്യുന്നതും വെള്ളം തളിക്കാത്തതും വലിയ അപകടമുണ്ടാക്കുമെന്ന് തനിക്കറിയാമായിരുന്നു. വരണ്ട പിച്ച് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ തന്നെ താന്‍ ഇക്കാര്യം വ്യക്തമാക്കി. അധികൃതരുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പിച്ച് ഉണ്ടാക്കിയതെന്നും പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍ വ്യക്തമാക്കി.

ബിസിസിഐ പിച്ച് കമ്മിറ്റിയുടെ ഉത്തരവ് നടപ്പിലാക്കി അവര്‍ പറഞ്ഞതനുസരിച്ചുള്ള പിച്ച് നിര്‍മിച്ചു നല്‍കുക മാത്രമാണ് ഞാന്‍ ചെയ്‌തത്. ഇക്കാര്യങ്ങള്‍ ടീം മാനേജുമെന്റിന് അറിയാമോ എന്ന് തനിക്ക് അറിയില്ലെന്നും ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ക്യൂറേറ്റര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക