വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ചേതേശ്വര്‍ പുജാരയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. പുജാരയെ ഒഴിവാക്കിയത് നായകന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയേയും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ഗവാസ്‌കര്‍ പരോക്ഷമായി വിമര്‍ശിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്‍സെടുക്കുന്നതില്‍ പുജാര മാത്രമല്ല പരാജയപ്പെട്ടതെന്നും പ്രായം കണക്കിലെടുത്ത് പുജാരയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കരുതായിരുന്നുവെന്നും സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ തുറന്നുപറഞ്ഞു. ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നടങ്കം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടു. ബാറ്റിംഗ് നിരയുടെ പരാജയത്തില്‍ പുജാരയെ മാത്രം എന്തിനാണ് ബലിയാടാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനായി നിശബ്ദനായി പോരാടുന്ന പോരാളിയാണ് പുജാര. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ലക്ഷകണക്കിന് ആരാധകര്‍ ഇല്ലാത്തതിനാല്‍ അയാളെ ഒഴിവാക്കിയാലും ബഹളങ്ങളൊന്നും ഉണ്ടാകില്ല. അതുകൊണ്ട് അനായാസമായി അയാളെ ഒഴിവാക്കി.