ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ന്യുസിലന്‍ഡ്. നാലാം ഇന്നിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 8 വിക്കറ്റിനാണ് മത്സരത്തില്‍ വിജയിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് വെറും 46 റണ്‍സില്‍ അവസാനിച്ചെങ്കിലും രണ്ടാം ഇന്നിങ്ങ്‌സില്‍ സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റെയും പ്രകടനങ്ങളുടെ മികവില്‍ 462 റണ്‍സ് നേടാന്‍ ഇന്ത്യക്കായിരുന്നു.
ഒരു ദിവസം ശേഷിക്കെ 107 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ന്യൂസിലന്‍ഡ് അനായാസമായി നടന്നടുക്കുകയായിരുന്നു. മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഡെവോണ്‍ കോണ്‍വെ, ടോം ലാഥം എന്നിവരെ പുറത്താക്കികൊണ്ട് ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അതിലൊന്നും പതറാതെ തീര്‍ത്തും അനായസമായി തന്നെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ വിജയത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു. ന്യൂസിലന്‍ഡിനായി വില്‍ യങ്ങ് 48 റണ്‍സും രചിന്‍ രവീന്ദ്ര 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്ങ്‌സിലും സെഞ്ചുറിയുമായി തിളങ്ങിയ രചിന്‍ രവീന്ദ്രയുടെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡ് നേടുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. പരിചയസമ്പന്നരായ കെയ്ന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങിയ താരങ്ങളില്ലാതെയാണ് ന്യൂസിലന്‍ഡിന്റെ നേട്ടം. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. ഓവർ കാസ്റ്റ് കണ്ടീഷന്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ മുതലെടുത്തതോടെയാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് കൂടാരം കയറിയത്. മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായതും ആദ്യ ഇന്നിങ്ങ്‌സിലെ ഈ കൂട്ടത്തകര്‍ച്ചയായിരുന്നു.