വില്യം‌സൺ - ഒറ്റയാൻ, തോറ്റുപോയവരുടെ തോൽക്കാത്ത നായകൻ !

ചിപ്പി പീലിപ്പോസ്

വ്യാഴം, 30 ജനുവരി 2020 (11:35 IST)
ഹാമില്‍ട്ടണില്‍ ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യ്ക്ക് ശേഷം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസന്റെ മുഖം ടിവി സ്‌ക്രീനില്‍ കണ്ടപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ നെഞ്ച് പിടഞ്ഞ് കാണും. നഷ്ടമായെന്ന് കരുതിയ മത്സരം ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച ശേഷമാണ് വില്യംസണെ നിർഭാഗ്യം വേട്ടയാടിയത്. 
 
ബാക്കിയെല്ലാവരും കൂടാരം കയറിയപ്പോൾ അവസാനം വരെ പൊരുതി നിന്നവനാണ് വില്യംസൺ. ജപ്സ്രിത് ബും‌മ്ര അടക്കമുള്ള ഇന്ത്യൻ ബൌളർമാരെ കണക്കിന് അടിച്ച് പറത്തുകയായിരുന്നു വില്യം‌സൺ. 48 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 95 റൺസാണ് വില്യംസൺ എടുത്തത്. സെഞ്ച്വറിക്ക് വെറും 5 റൺസ് ബാക്കി നിൽക്കവേ ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിതമായ പുറത്താകൽ. 
 
അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ വരുത്തി വെച്ച ഒരു പിഴവ് വില്യം‌സൺ മറന്നാലും ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകില്ല. ഇത് മത്സരവും പരമ്പരയും നഷ്ടപ്പെടുത്തുന്നതിലേക്ക് വില്യംസണേയും കിവീസിനേയും നയിച്ചു. ഷമിയുടെ പന്തില്‍ സെഞ്ച്വറിയ്ക്കായി സിക്‌സ് അടിക്കാന്‍ ശ്രമിക്കുകയായിരുന്നു വില്യം‌സൺ. എന്നാൽ, ബാറ്റില്‍ ഉരസി പന്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ ഗ്ലൗസില്‍ നേരിട്ടെത്തി. വില്യം‌സൺ ഔട്ട്. 
 
വില്യം‌സൺ ഔട്ട് ആയെങ്കിലും വിജയത്തിനു തൊട്ടടുത്തെത്തിയിരുന്നു കിവീസ്. അവസാന മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നിട്ടും ക്യാപ്റ്റനോട് നീതി പുലര്‍ത്താന്‍ സഹതാരങ്ങള്‍ക്കായില്ല. മത്സരം ടൈയിൽ അവസാനിച്ചു, സൂപ്പർ ഓവറിലേക്ക് കാര്യങ്ങൾ കടന്നു. ബുമ്രയ്ക്കെതിരെ നാല് പന്തില്‍ 11 റൺസെടുക്കാനും വില്യംസണായി. എന്നാൽ, ഇന്ത്യൻ ഹിറ്റ്മാൻ കളി തിരിച്ച് പിടിച്ചു. ഇതോടെ തല താഴ്ത്തി മടങ്ങാനായിരുന്നു വില്യം‌സണിന്റെ വിധി.
 
തോറ്റു പോയവൻ ആയിരിക്കാം. എന്നാലും ലോക ഒന്നാം നമ്പർ ബൗളറിനെ അടുപ്പിച്ചു 3 ഫോറും സൂപ്പർ ഓവറിൽ സിക്സും ഫോറും അടിച്ചു ഒരു ഓർഡിനറി ബൗളർ ആക്കണമെങ്കിൽ അദ്ദേഹത്തിന്റെ റേഞ്ച് ഒന്ന് ചിന്തിച്ച് നോക്കാവുന്നതേ ഉള്ളു. ഫോർമാറ്റ്‌ അനുസരിച്ചു കളി മാറ്റുന്ന ജീനിയസ് തന്നെയാണ് വില്യം‌സൺ. പക്ഷേ ഭാഗ്യം വില്യം‌സണിനെ തുണച്ചില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍