ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം യുവതാരം യശ്വസി ജയ്‌സ്വാളിനെയാണ് പരമ്പരയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ജയ്‌സ്വാളിനെ പുറത്താക്കാനായി വലിയ തയ്യാറെടുപ്പാണ് താരം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറി നേടി ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2 ഇരട്ടസെഞ്ചുറികള്‍ അടക്കം പരമ്പരയില്‍ 712 റണ്‍സ് നേടിയിരുന്നു. ഞാന്‍ ജയ്‌സ്വാളിനെ ഇന്ന് വരെ കണ്ടിട്ടില്ല. പക്ഷേ അവന്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച രീതി ഞാന്‍ സൂക്ഷ്മമായി തന്നെ വിലയിരുത്തിയിരുന്നു. അവന്‍ എല്ലാ ബൗളര്‍മാര്‍ക്കും ഒരു വെല്ലുവിളിയാകുമെന്ന് തന്നെയാണ് കരുതുന്നത്.
കഴിഞ്ഞ പരമ്പരയില്‍ ജയ്‌സ്വാളിനെതിരെ പന്തെറിഞ്ഞ ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ലിയോണ്‍ പറഞ്ഞു. ഇംഗ്ലണ്ട് കൗണ്ടി സീസണില്‍ ലങ്കാഷെയറില്‍ ലിയോണിന്റെ സഹകളിക്കാരനാണ് ടോം ഹാര്‍ട്ലി. നീണ്ട 10 വര്‍ഷമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാനായിട്ടില്ല എന്ന നാണക്കേട് ഇത്തവണ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.