ദക്ഷിണാഫ്രിക്കക്കെതിരെ ത്രസിപ്പിക്കുന്ന വിജയത്തോടെ വിന്‍ഡീസ് ട്വന്റി-20 ലോകകപ്പ് സെമിയിൽ

ശനി, 26 മാര്‍ച്ച് 2016 (08:47 IST)
വിദര്‍ഭ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ അവസാന ഓവര്‍ വരെ ആവേശം വിതറിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് വിന്‍ഡീസ് ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 122 റണ്‍സിന് ചുരുട്ടിക്കെട്ടിയ വിന്‍ഡീസ് രണ്ട് പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രക്കയുടെ സ്‌കോര്‍ മറികടന്നത്. 44 റൺസെടുത്ത സാമുവൽസിന്റേയും 32 റൺസെടുത്ത ജോൺസൺ ചാൾസിന്റേയും പ്രകടനത്തോടെയാണ് വിൻഡീസ് മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയത്.
 
വിന്‍ഡീസിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്‍സ് മാത്രമെടുത്ത ഹാഷിം അംലയുടെ റണ്‍ ഔട്ടോടെയായിരുന്നു തകര്‍ച്ചയുടെ തുടക്കം. പിന്നീട് വന്ന ഡ്യൂപ്ലസിക്കും റോസോവിനും ഇരട്ട അക്കം കാണാന്‍ കഴിയാഞ്ഞത് ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ സമ്മര്‍ദ്ദത്തിലാക്കി. ഒരറ്റത്ത് ഡികോക്ക് പതറാതെ 46 പന്തില്‍ നിന്നും 47 റണ്‍സെടുത്തതും അവസാനം വന്ന ഡിവൈസിന്റെയും(26 പന്തില്‍ നിന്നും 28 റണ്‍സ്), മോറിസിന്റെയും (പുറത്താവാതെ 17 പന്തില്‍ നിന്നും 16 റണ്‍സ്) തരക്കേടില്ലാത്ത പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് നൂറിന് മുകളില്‍ സ്‌ക്കോര്‍ നല്‍കിയത്. എ ബി ഡി വില്യേഴ്‌സ് പത്ത് റണ്‍സെടുത്തതുമൊഴിച്ചാല്‍ മറ്റാര്‍ക്കും ഇരട്ട അക്കം കാണാനായില്ല. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത റസലും ഗെയിലും ബ്രാവോയുമാണ് വിന്‍ഡീസ് ബൗളിങ്ങില്‍ തിളങ്ങിയത്. 
 
ചെറിയ വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിൻഡീസിന് സൂപ്പർ താരം ക്രിസ് ഗെയിലിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്ലച്ചറും ചാൾസും ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസ് താളം കണ്ടെത്തുന്നതിനിടെ ദക്ഷിണാഫ്രിക്ക ചില ഗംഭീര നീക്കങ്ങളിലൂടെ മൽസരം അനുകൂലമാക്കാൻ ശ്രമിച്ചു. ഫ്ലച്ചറിനെ പുറത്താക്കിയ റൂസോയുടെ റൺഔട്ട് അത്തരമൊരു മനോഹര നീക്കമായിരുന്നു. പിന്നീട് പതിനേഴാം ഓവറിൽ ഇമ്രാൻ താഹിർ തുടർച്ചയായി രണ്ടു വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. പക്ഷേ, രണ്ടുപന്ത് ശേഷിക്കെ വിൻഡീസ് ജയം സ്വന്തമാക്കുകയായിരുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക