IPL 2024: മുംബൈ ടീമിനുള്ളിൽ പ്രശ്നങ്ങൾ പുകയുന്നു? രോഹിത് ഇമ്പാക്ട് പ്ലെയർ മാത്രമായേക്കും

അഭിറാം മനോഹർ
ബുധന്‍, 27 മാര്‍ച്ച് 2024 (19:22 IST)
ഐപിഎല്‍ തുടങ്ങിയത് മുതല്‍ ക്രിക്കറ്റ് പ്രേമികളുടെ ഹോട്ട് ടോപ്പിക്കെന്നത് മുംബൈ ഇന്ത്യന്‍സ് ടീമിനെ പറ്റിയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതോടെ ടീമിന്റെ ആരാധകരില്‍ ഭൂരിഭാഗവും ടീം മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരുന്നു. ടീമിനുള്ളില്‍ ബുമ്രയടക്കം സീനിയര്‍ താരങ്ങള്‍ക്ക് രോഹിത്തിനോടാണ് താത്പര്യമെങ്കിലും നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിനെ അവഗണിക്കാനാവാത്ത സ്ഥിതിയാണ്. ഇതിനിടയില്‍ ഗ്രൗണ്ടില്‍ രോഹിത് എത്തുന്ന സമയമത്രയും ഗാലറികളില്‍ രോഹിത് രോഹിത് വിളികളും നിറയുന്നുണ്ട്.
 
ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഹാര്‍ദ്ദിക് രോഹിത്തിനെ അപമാനിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ സംസാരം. ടോസിടാനെത്തിയത് മുതല്‍ ഹാര്‍ദ്ദിക്കിനെതിരെ മോശമായ രീതിയിലാണ് കാണികള്‍ പ്രതികരിച്ചത്. രോഹിത്തീനെ ഹാര്‍ദ്ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിപ്പിച്ചതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അതിനാല്‍ തന്നെ മൈതാനത്ത് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യന്‍സ് താത്പര്യപ്പെടുന്നത് എന്നാണ് അറിയുന്നത്.
 
നായകനെന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണയാണ് മാനേജ്‌മെന്റ് ഹാര്‍ദിക്കിന് നല്‍കുന്നത്. അതിനാല്‍ തന്നെ ഈ സീസണില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ രോഹിത്തിനെ ഇമ്പാക്ട് പ്ലെയറാാക്കി കളിപ്പിക്കാനുള്ള സാധ്യതയാണ് മുംബൈ ഇന്ത്യന്‍സ് തേടുന്നത്. കളിക്കളത്തില്‍ ഹാര്‍ദ്ദിക്കും രോഹിത്തും തമ്മിലുണ്ടാകുന്ന എന്തെങ്കിലും സംഭവങ്ങള്‍ വിവാദമാകുന്നത് തടയാന്‍ ഇത് മൂലം സാധിക്കും. ബാറ്റിങ്ങില്‍ മാത്രമായി ഇതോടെ രോഹിത് ചുരുങ്ങും. കളിക്കളത്തിലെ ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാമെങ്കിലും ഇത്തരമൊരു തീരുമാനമുണ്ടായാല്‍ അത് ഹാര്‍ദ്ദിക്കിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article