റെക്കോർഡുകൾ തകർക്കാനുള്ളതാണ്, ഇനി അവസരം ലഭിച്ചാൽ അതിനായി ശ്രമിക്കണം, മുൾഡറെ ഉപദേശിച്ച് ലാറ

അഭിറാം മനോഹർ

വെള്ളി, 11 ജൂലൈ 2025 (14:43 IST)
ബുലവായോയിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ അപൂര്‍വ നേട്ടത്തിന് അരികിലെത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.സിംബാബ്വെയ്‌ക്കെതിരെ രണ്ടാം ദിനത്തെ ലഞ്ച് ബ്രേക്കിന് കളി നിര്‍ത്തുമ്പോള്‍ മുള്‍ഡര്‍ 367 റണ്‍സുമായി നോട്ടൗട്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ബ്രയാന്‍ ലാറയുടെ 400 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കാന്‍ മുള്‍ഡര്‍ ശ്രമിക്കുമെന്ന് എല്ലാവരും തന്നെ കരുതിയ സമയത്താണ് അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്‌സ് ഡിക്ലയര്‍ പ്രഖ്യാപിച്ചത്. ലാറയുടെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാന്‍ വെറും 34 റണ്‍സ് മാത്രം മതിയെന്ന നിലയിലായിരുന്നു മുള്‍ഡറുടെ ഈ തീരുമാനം. ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നതാണ് ഭംഗി എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണമായി മുള്‍ഡര്‍ പറഞ്ഞത്. മുള്‍ഡറുടെ ഈ തീരുമാനത്തിനെതിരെ പല കോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ് മുള്‍ഡര്‍ പാഴാക്കിയത് എന്നായിരുന്നു വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്‍ അഭിപ്രായപ്പെട്ടത്. അതേസമയം ബ്രയാന്‍ ലാറ തന്നെ ഇക്കാര്യം മുള്‍ഡറുമായി ചര്‍ച്ച ചെയ്തു. നിനക്ക് ചരിത്രം സൃഷ്ടിക്കാമായിരുന്നു. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നത് അത് തകര്‍ക്കാന്‍ കൂടിയാണ്. ഇനി ഒരു അവസരം ഇങ്ങനെ ലഭിച്ചാല്‍ റെക്കോര്‍ഡിനായി ശ്രമിക്കണമെന്നുമാണ് ലാറ മുള്‍ഡറെ ഉപദേശിച്ചത്. അതേസമയം ലാറയുടെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും എന്നാല്‍ ഡിക്ലറേഷന്‍ തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും മുള്‍ഡര്‍ സൂപ്പര്‍ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍