ട്വന്റി-20 ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച തോല്‍വി ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 127 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിയും സംഘവും പരാജയപ്പെട്ടത് ഒരു തിരിച്ചറിവാണ്.
ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. കിവികളുടെ സ്‌പിന്നിന് മുന്നില്‍ തകര്‍ന്ന ഇന്ത്യക്ക് ഇനി നേരിടേണ്ടിവരുന്നത് മികച്ച സ്‌പിന്‍ വിഭാഗമുള്ള പാകിസ്ഥാനെയാണ്. അടുത്ത മത്സരത്തില്‍ ചിരകാലവൈരികളോടും തോറ്റാല്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കാര്യങ്ങള്‍ കഷ്‌ടത്തിലാകും. അതിനാല്‍ മുന്നോട്ടുള്ള ഒരോ ചുവടും ധോണിക്കും സംഘത്തിനും നിര്‍ണായകമാണ്.
ന്യൂസിലന്‍ഡിനോട് തോറ്റതോടെ നേരിടാന്‍ പോകുന്ന സാഹചര്യത്തെ ഇന്ത്യ മനസിലാക്കി കഴിഞ്ഞു. രവിചന്ദ്ര അശ്വിനെയും, ജഡേജയേയും, സുരേഷ് റെയ്‌നയേയും ഉപയോഗിച്ച് എതിര്‍ ബാറ്റ്‌സ്‌മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമെങ്കിലും അതേ സാഹചര്യം തിരിച്ചും നേരിടേണ്ടിവന്നാല്‍ എന്തുചെയ്യുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിലിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്‌കോര്‍ പിന്തുടരുബോള്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കി ബാറ്റ് വീശാനാകും തുടര്‍ മത്സരങ്ങളില്‍ ഇന്ത്യ പദ്ധതിയിടുക. ക്രീസില്‍ നിലയുറപ്പിച്ചുവെങ്കില്‍ കിവികള്‍ക്കെതിരെ ഇന്ത്യക്ക് ജയിക്കാമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ധോണിക്ക് പിന്തുണ നല്‍കാന്‍ പോലും ആര്‍ക്കും സാധിച്ചില്ല.
അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിയുന്ന സുരേഷ് റെയ്‌നയ്‌ക്കും യുവരാജ് സിംഗിനും ആദ്യ മത്സരം ഒരു പാഠമാണ്. രോഹിത് ശര്‍മ്മ ക്രീസില്‍ നിലയുറപ്പിച്ചശേഷം മാത്രം വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കണം. കാരണം ജയത്തിനായി ഒരുക്കിയ വട്ടം കറങ്ങുന്ന പിച്ചുകള്‍ തങ്ങള്‍ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ ടീം മനസിലാക്കി കഴിഞ്ഞൂ. മിച്ചല്‍ സാന്റ്‌നനെയും ഇഷ് സോഥിയേയും നേരിടുന്നതില്‍ പരാജയമായ ഇന്ത്യക്ക് പാക് സ്‌പിന്നിനെയും ഓസീസിന്റെ പേസിനെയും നേരിടുക എന്നത് വെല്ലുവിളി തന്നെയാണ്.