തന്റെ റോള്‍ മോഡല്‍ ധോണിയെന്ന ‘ഹീറോ’: അമ്പാട്ടി റായുഡു

ശനി, 11 ജൂലൈ 2015 (14:15 IST)
ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്‌ത്തി ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്‌മാന്‍ അമ്പാട്ടി റായുഡു. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധോണി കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണ്. ഡ്രസിംഗ് റൂമിലിരുന്ന് അദ്ദേഹത്തെ നിരീക്ഷിക്കുകയും അതില്‍ നിന്ന് കൂടുതല്‍ പഠിക്കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിംബാബ്‍വേക്കെതിരായ ആദ്യ ഏകദിനത്തില്‍ ശതകത്തോടെ ടീമിന്‍റെ രക്ഷകനായി മാറിയ ശേഷമായിരുന്നു റായിഡുവിന്‍റെ പ്രതികരണം.

ഡ്രസിംഗ് റൂമിലില്‍ സമയം ചെലവഴിക്കുബോള്‍ ധോണിയെ നിരീക്ഷിക്കാറുണ്ട്. ധോണി എന്താണ് ചെയ്യുന്നതെന്നും ഓരോ അവസ്ഥയും അദ്ദേഹം ഏതുരീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കുക പതിവാണ്. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും റായുഡു പറഞ്ഞു. സിംബാബ്‍വേക്കെതിരായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അതേ സാഹചര്യം ഐപിഎല്ലിലും ഉണ്ടായിട്ടുണ്ട്. ആ നിമിഷങ്ങളില്‍ ധോണി തന്നെയായിരുന്നു തന്റെ ഹീറോയെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്‍റെ ഭാഗമായി കളത്തിലിറങ്ങാതെ ഇരിക്കുമ്പോഴും നമുക്ക് ഏറെ പഠിക്കാനുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന അറിവുകള്‍ കളിക്കളത്തിലും പ്രായോഗിക തലത്തിലെത്തിക്കാനാവുന്നു എന്നത് ഏറെ സന്തോഷകരമാണ്. ധോണിയില്‍ നിന്ന് ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്നും റായുഡു വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക