Mohammad Shami: കളിക്കാര്‍ക്ക് വെള്ളം കൊടുക്കാന്‍ വന്നിരുന്നവന്‍ ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ; ഷമി ഇല്ലായിരുന്നെങ്കിലോ?

Webdunia
വ്യാഴം, 16 നവം‌ബര്‍ 2023 (08:34 IST)
Mohammad Shami: പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാതെ ബെഞ്ചിലിരിക്കുന്ന മുഹമ്മദ് ഷമിയുടെ മുഖം ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്. കളിക്കിടെയുള്ള ഇടവേളയില്‍ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ഷമി പലപ്പോഴും ഓടിയെത്തി. ടീമില്‍ ഇടം ലഭിക്കാത്തതിനു ഒരു പരിഭവവും ഷമി പറഞ്ഞില്ല. കാരണം തന്റെ സമയം വരുമെന്നും അന്ന് രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും ഷമിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഒടുവില്‍ രാജ്യം മുഴുവന്‍ ഷമിക്ക് വേണ്ടി കയ്യടിക്കുന്ന സമയം വന്നെത്തി. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തി നില്‍ക്കുമ്പോള്‍ അതിനു പ്രധാന കാരണങ്ങളില്‍ ഒന്ന് ഷമിയാണ്. 
 
സെമി ഫൈനല്‍ അടക്കം പത്ത് കളികള്‍ ഇന്ത്യ കളിച്ചു. അതില്‍ ഷമി കളിച്ചത് ആറ് മത്സരങ്ങള്‍ മാത്രം. എന്നാല്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ഷമി തന്നെ. വെറും ആറ് കളികളില്‍ നിന്ന് ഷമി ഇതുവരെ വീഴ്ത്തിയത് 23 വിക്കറ്റുകള്‍. 22 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ ആദം സാംപയാണ് രണ്ടാം സ്ഥാനത്ത്. ഒന്‍പത് കളികളില്‍ നിന്നാണ് സാംപ 22 വിക്കറ്റുകള്‍ വീഴ്ത്തിയത്. പുറത്തിരിക്കേണ്ടി വന്ന ആദ്യത്തെ നാല് മത്സരങ്ങളില്‍ കൂടി ഷമി ഇറങ്ങിയിരുന്നെങ്കിലോ? വിക്കറ്റ് വേട്ട 30 കടക്കുമെന്ന് ഉറപ്പാണ്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത് ഷമിയാണ്. വീഴ്ത്തിയ വിക്കറ്റുകളെല്ലാം അതീവ നിര്‍ണായക വേളകളിലും. 
 
ശര്‍ദുല്‍ താക്കൂറിന്റെ മോശം ഫോമും ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്കുമാണ് ഷമിയെ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാക്കിയത്. ഏകദിന ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഷമി ഇന്നലെ സ്വന്തമാക്കി. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് ഷമി ഈ നേട്ടം കൈവരിച്ചത്. 19 ഇന്നിങ്‌സുകളില്‍ നിന്ന് 50 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് മറികടന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article