കിവികളുടെ ചിറകരിഞ്ഞ് മധുരപ്രതികാരം, ഹീറോ താൻ തന്നെയെന്ന് പ്രഖ്യാപിച്ച് ഷമി: ലോകകപ്പ് ഫൈനൽ യോഗ്യത നേടി ഇന്ത്യ

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (22:30 IST)
ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ 70 റണ്‍സിന്റെ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 397 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. 117 റണ്‍സുമായി വിരാട് കോലിയും 105 റണ്‍സുമായി ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ സെഞ്ചുറി സ്വന്തമാക്കി. 80 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 47 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും 39 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യന്‍ ടോട്ടല്‍ 400നടുത്ത് എത്തിക്കുകയായിരുന്നു.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 40 റണ്‍സെടുക്കുന്നതിനിടെ ആദ്യ 2 വിക്കറ്റുകളും നഷ്ടമായെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവികളെ തിരികെ മത്സരത്തിലേക്കെത്തിച്ചു. മുഹമ്മദ് ഷമി എറിഞ്ഞ 33മത് ഓവറില്‍ കെയ്ന്‍ വില്യംസണ്‍ പുറത്താകുന്നത് വരെ ന്യൂസിലന്‍ഡിന് മത്സരത്തില്‍ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ വില്യംസണിനെയും പിന്നാലെയെത്തിയ ടോം ലാഥമിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ മുഹമ്മദ് ഷമി വലിയ ആഘാതമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയ്ക്ക് ഏല്‍പ്പിച്ചത്.
 
119 പന്തില്‍ 134 റണ്‍സുമായി ഡാരില്‍ മിച്ചല്‍ ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയെങ്കിലും 69 റണ്‍സുമായി കെയ്ന്‍ വില്യംസണും 41 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്പ്‌സും മാത്രമാണ് മിച്ചലിന് പിന്തുണ നല്‍കിയത്.ടീം സ്‌കോര്‍ 295ല്‍ നില്‍ക്കെ ഗ്ലെന്‍ ഫിലിപ്‌സിനെ ബുമ്ര പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് പ്രതിരോധം ഒരു വിധം അവസാനിച്ചു. 134 റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെ പുറത്താക്കി ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. കെയ്ന്‍ വില്യംസണ്‍,ഡെവോണ്‍ കോണ്‍വെ,രചിന്‍ രവീന്ദ്ര എന്നിവരുടേതടക്കം ഏഴ് വിക്കറ്റുകളാണ് മത്സരത്തില്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article