ജീവിതകാലം മുഴുവൻ കാത്തിരിക്കാനാകില്ല, വനിതാ ഐപിഎൽ അടുത്ത വർഷം തുടങ്ങണം എന്ന് മിതാലി രാജ്

വ്യാഴം, 26 മാര്‍ച്ച് 2020 (17:53 IST)
വനിതാ ഐപിഎല്ലിന്റെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യൻ താരം മിതാലി രാജ്. ജീവിതകാലം മുഴുവൻ ഇതിനായി കാത്തിരിക്കാനാകില്ല എന്നും അടുത്ത വർഷം തന്നെ വനിതാ ഐപിഎൽ ആരംഭിക്കണം എന്നും മിതാലി പറഞ്ഞു. വനിതാ ഐപിഎൽ എന്ന ആവശ്യം ഇന്ത്യൻ വനിതാ ടീം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് പരിഗണിക്കാൻ ബിസിസിഐ തയ്യാറായിട്ടില്ല.
 
വനിതാ ഐപിഎൽ ചെറിയ രീതിയിലെങ്കിലും തുടങ്ങിവയ്ക്കാൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന് സാധിക്കണം. നിലവിൽ ഐ‌പിഎല്ലിൽ നാലു വിദേശ താരങ്ങളെയാണ് അനുവദിക്കുന്നത്. എന്നാൽ വനിതാ ടീമിലേക്ക് വരുമ്പോൾ അഞ്ച് മുതൽ ആറ് വിദേശ താരങ്ങളെ വരെ പരിഗണിക്കാം. അങ്ങനെയെങ്കിൽ നാല് ടീമുകളെ ഉൾപ്പെടുത്തി ലീഗ് സംഘടിപ്പിക്കാൻ ബിസിസിഐക്ക് സാധിക്കും.
 
ഇത് വെറും കാത്തിരിപ്പ് മാത്രമായിക്കൂടാ. ഏതെങ്കിലും ഒരു ഘട്ടത്തിൽ തുടങ്ങിവച്ചേ മതിയാകു. വനിതാ ഐപിഎൽ അനിവാര്യമണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഉൾപ്പടെ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റുകളിൽ വിജയം നേടാൻ ഐപിഎൽ വനിതാ ടീമിനെ സഹായിക്കും എന്നായിരുന്നു ഗാവാസ്കറിന്റെ പ്രതികരണം. എന്നാൽ വനിത ഐപിഎൽ ആരംഭിക്കാൻ നാലുവർഷമെങ്കിലും സമയമെടുക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ്ചുമതലയേറ്റതിന് പിന്നാലെ സൗരവ് ഗാംഗുലി പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍