റണ്‍മല കയറാന്‍ കഴിയാതെ കടുവകള്‍; മിര്‍പുര്‍ ടെസ്റില്‍ പാക്കിസ്ഥാന് ജയവും പരമ്പരയും
ശനി, 9 മെയ് 2015 (14:28 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന് 328 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇരട്ട സെഞ്ചുറിയുമായി അസ്ഹര്‍ അലിയാണ്‍ പാകിസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബംഗ്ലാദേശിന് 550 റണ്‍സ് വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ളാദേശ് നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം 221 റണ്‍സിന് പുറത്താകുകയായിരുന്നു. 68 റണ്‍സ് നേടിയ മോനിമുള്‍ ഹഖ് മാത്രമാണ് കടുവകള്‍ക്കായി പൊരുതിയത്. ജയത്തോടെ പാക്കിസ്ഥാന്‍ രണ്ടു മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
63/1 എന്ന തരക്കേടില്ലാത്ത നിലയില്‍ നിന്ന് ബംഗ്ലാദേശ് തകരുകയായിരുന്നു. സമനിലയ്‌ക്കായി കളിച്ച അവര്‍ക്ക് ഇടവേളകളില്‍ വിക്കറ്റ് പൊഴിഞ്ഞതാണ് വിനയായത്. 42 റണ്‍സ് നേടിയ തമീം ഇക്ബാല്‍ വീണതോടെ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി തീര്‍ന്നു. മഹ്മുദുള്ള (2), സാക്കിബ് അല്‍ ഹസന്‍ (13), മുഷ്ഫിഖുര്‍ റഹീം (0), സൌമ്യ സര്‍ക്കാര്‍ പാക് ബോളിംഗിന് മുന്നില്‍ പതറിയപ്പോള്‍ ബംഗ്ലാദേശ് തരിപ്പണമാകുകയായിരുന്നു.
സ്കോര്‍: പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് 557, രണ്ടാം ഇന്നിംഗ്സ് 195/6 ഡിക്ളയേര്‍ഡ്. ബംഗ്ളാദേശ് ഒന്നാം ഇന്നിംഗ്സ് 203, രണ്ടാം ഇന്നിംഗ്സ് 221. ഇരട്ട സെഞ്ചുറി നേടി പാക്കിസ്ഥാന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ സമ്മാനിച്ച അസ്ഹര്‍ അലിയാണ്‍ മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ സീരീസ് പുരസ്കാരവും അസ്ഹര്‍ നേടി.