ബ്രാഡ്മാനെയും മറികടന്ന് മായങ്ക് അഗർവാൾ

അഭിറാം മനോഹർ

ശനി, 16 നവം‌ബര്‍ 2019 (14:33 IST)
ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യൻ ഓപ്പണിങ് താരം മായങ്ക് അഗർവാളിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ടീമിൽ എത്തിയ ശേഷം വെറും 12 ഇന്നിങ്സുകളിൽ നിന്നും രണ്ട് ഇരട്ടസെഞ്ചുറികൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ പുതിയ ഇന്ത്യൻ സെൻസേഷൻ. ഇതിനിടയിൽ ഇന്ത്യൻ താരം തകർത്ത റെക്കോഡുകളിൽ ഒന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കണക്കാക്കുന്ന സർ ഡൊണാൾഡ് ബ്രാഡ്മാന്റെ റെക്കോഡാണ്. 
 
ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ രണ്ടാം ഇരട്ടശതകം തികക്കുവാൻ ബ്രാഡ്മാന് 13 ഇന്നിങുസുകൾ വേണ്ടിവന്നപ്പോൾ വെറും 12 ഇന്നിങ്സിൽ നിന്നാണ് ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്നും രണ്ട് ഇരട്ട സെഞ്ചുറികൾ എന്ന നേട്ടം മറ്റൊരു ഇന്ത്യൻ താരത്തിന്റെ പേരിലാണ്.  മുൻ ഇന്ത്യൻ താരമായ കാംബ്ലിയുടെ പേരിലാണ് ഈ റെക്കോഡുള്ളത്. വെറും അഞ്ച് ഇന്നിങ്സുകളിൽ നിന്നാണ് കാംബ്ലി 2 ഇരട്ടശതകം എന്ന നേട്ടം സ്വന്തമാക്കിയത്.
 
ഇന്ത്യാ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ  ഇന്ത്യൻ നായകൻ കോലിയും ഓപ്പണർ രോഹിത്തും പരാജയപ്പെട്ടപ്പോൾ ഒരറ്റത്ത് നിലയുറപ്പിച്ച മായങ്കിന് ബംഗ്ലാദേശിനെതിരെ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന റെക്കോഡ് കൂടിയുണ്ട്. സച്ചിനും വിരാട് കോലിയും മാത്രമാണ് ബംഗ്ലാദേശിനെതിരെ ഇരട്ടസെഞ്ചുറി നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍