എന്തുകൊണ്ട് അശ്വിൻ ബൗൾ ചെയ്യുമ്പോൾ ബാറ്റിംഗ് സ്റ്റാൻസ് എടുക്കാതെ മാറി : വിശദീകരണവുമായി ലബുഷെയ്ൻ

ബുധന്‍, 8 മാര്‍ച്ച് 2023 (13:41 IST)
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ മാർനസ് ലബുഷെയ്നും ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനും തമ്മിൽ കളിക്കളത്തിൽ നടത്തിയ ഏറ്റുമുട്ടൽ വലിയ ചർച്ചയായിരുന്നു. ക്രിക്കറ്റ് ബുദ്ധികൊണ്ട് കൂടി കളിക്കേണ്ടുന്ന കളിയാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള അശ്വിനെ മൈൻഡ് ഗെയിം കൂടി ഉപയോഗിച്ചാണ് കഴിഞ്ഞ കളിയിൽ ലബുഷെയ്ൻ നേരിട്ടത്. ബൗൾ ചെയ്യാനായി എത്തിയ അശ്വിനെ നേരിടാതെ ക്രീസിൽ നിന്ന് മാറികൊണ്ട് ലബുഷെയ്ൻ താരത്തെ പ്രകോപിപ്പിച്ചിരുന്നു.
 
ബാറ്റിംഗ് സ്റ്റാൻസ് എടുക്കാതെ അശ്വിനെ ശല്യം ചെയ്ത ലബുഷെയ്നിൻ്റെ അടുത്തേക്ക് ഒടുവിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും അമ്പയർ ജോ വിൽസണും വന്നെത്തുകയും തുടർന്ന് ലബുഷെയ്ൻ ബാറ്റിംഗിന് തയ്യാറാകുകയുമായിരുന്നു. ബാറ്റിംഗ് സ്റ്റാൻസ് എടുക്കാതെ താൻ എന്തിന് മാറിനിന്നു എന്നതിൽ ലബുഷെയ്നിൻ്റെ മറുപടി ഇങ്ങനെ.
 
ഒരു തന്ത്രത്തിൻ്റെ ഭാഗമായി അത്തരത്തിൽ ചെയ്തതല്ല. ഓരോ തവണയും അശ്വിൻ ചെറിയ റണ്ണപ്പെടുത്ത് അടുത്ത പന്ത് വളരെ വേഗത്തിൽ തന്നെ ചെയ്തുകൊണ്ടിരുന്നു. അതിനാൽ എനിക്ക് പന്ത് നേരിടാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല. അശ്വിൻ്റെ താളത്തിനൊപ്പമായിരുന്നു ഞാൻ ബാറ്റ് ചെയ്തിരുന്നത്. ഞാൻ താഴെ നോക്കി നിൽക്കുമ്പോൾ പോലും അശ്വിൻ ബൗൾ ചെയ്യാൻ തയ്യാറായി. 2-3 തവണ ഞാനങ്ങനെ ചെയ്തിട്ടും അശ്വിൻ തുടർന്നപ്പോളാണ് ക്രീസിൽ നിന്നും ഞാൻ മാറിനിന്നത്. അശ്വിൻ തന്ത്രപൂർവമാണ് അത്തരത്തിൽ പന്തെറിഞ്ഞത്. അതെനിക്ക് മനസിലായിരുന്നു. ലബുഷെയ്ൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍