കോലി ശക്തമായി തിരിച്ചെത്തും, കൈവിടാതെ പോണ്ടിംഗ്

തിങ്കള്‍, 6 മാര്‍ച്ച് 2023 (16:07 IST)
ആധുനിക ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ അംബാസഡർമാരിലൊരാളായാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയെ കണക്കാക്കുന്നത്. മത്സരഫലമില്ലാതെ വിരസമായ അഞ്ച് ദിവസങ്ങൾ കൊണ്ട് മടുത്തിരുന്ന ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിനായി കളിക്കുക എന്ന സമീപനം പ്രധാനമായും കൊണ്ട് വന്നത് വിരാട് കോലിയാണ്. ടെസ്റ്റ് ക്രിക്കറ്റിൻ്റെ തന്നെ ഉയിർപ്പിന് തീരുമാനം കാരണമായെങ്കിലും കഴിഞ്ഞ 3 വർഷക്കാലം തൻ്റെ ഇഷ്ടഫോർമാറ്റിൽ കാര്യമായ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താൻ കോലിക്കായിട്ടില്ല.
 
കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്ങ്സുകളിൽ ഒരു അർധസെഞ്ചുറി പോലും കണ്ടെത്താൻ താരത്തിനായിട്ടില്ല. ഈ സാഹചര്യത്തിലും കോലിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസതാരമായ റിക്കി പോണ്ടിംഗ്. കഴിഞ്ഞ വർഷം ടി20യിലും ഏകദിനങ്ങളിലും കോലി ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ടെസ്റ്റിൽ മോശം പ്രകടനമാണ് തുടരുന്നത്.ചാമ്പ്യൻ കളിക്കാർ എല്ലാ കാലത്തും തിരിച്ചെത്തുമെന്നാണ് പോണ്ടിംഗ് ഇതിനെ പറ്റി പറയുന്നത്.
 
ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പര എക്കാലത്തും ബാറ്റർമാർക്ക് പേടിസ്വപ്നമാണ്.2 മത്സരങ്ങളിൽ തോറ്റ് നിൽക്കുന്ന സമയത്ത് ഓസീസ് പരമ്പരയിലേക്ക് തിരികെയെത്തി എന്നത് വളരെ പ്രശംസയർഹിക്കുന്ന കാര്യമാണ്. സ്പിൻ ട്രാക്ക് എന്നത് മാത്രമല്ല. ഇവിടത്തെ അപ്രവചനീയമായ ബൗൺസും ബാറ്റർമാർക്ക് തലവേദനയാണ്. കോലിയുടെ കാര്യം പറയുകയാണെങ്കിൽ ചാമ്പ്യൻ താരങ്ങൾ എല്ലായ്പ്പോഴും തിരികെയെത്തുമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അതിനുള്ള വഴി അവർ കണ്ടെത്തും.
 
നിലവിൽ കോലിക്ക് റൺസെടുക്കാൻ കഴിയുന്നില്ലായിരിക്കാം. എല്ലാവരും അവൻ സ്കോർ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കാര്യങ്ങൾ എന്തെന്ന് കോലിക്കും കൃത്യമായി അറിയാം. ഞാനതിനെ പറ്റി ഒരിക്കലും വേവലാതി പ്പെടുന്നില്ല. അവൻ തിരികെയെത്തുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. പോണ്ടിംഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍