ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്‌റ്റന്‍ ആരെന്ന ചോദ്യമുയര്‍ന്നാല്‍ മടികൂടാതെ ഭൂരിഭാഗം പേരും പറയുന്ന പേരാണ് മഹേന്ദ്ര സിംഗ് ധോണി. സൌരവ് ഗാംഗുലിയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടങ്ങിയ ധോണിയുടെ കരിയറില്‍ വഴിത്തിരിവായത് 2007ലെ ട്വന്റി-20 ലോകകപ്പ് വിജയമാണ്.
'പ്രായമായില്ലേ, വിരമിക്കാറായില്ലേ?' എന്ന ചോദ്യം കഴിഞ്ഞ കുറച്ച് വർഷമായി ധോണി കേൾക്കുന്നുണ്ട്. ധോണിയെ വിമർശിക്കുന്നവർക്ക് ഒന്നിന് പിറകെ ഒന്നായി ധോണി തന്നെ കളിയിലൂടെ മറുപടി നൽകുന്നുമുണ്ട്. ധോണിക്ക് തുല്യം ധോണി തന്നെയെന്ന് വ്യക്തമാവുകയാണ്.
ധോണി ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും മഹിക്ക് പിന്തുണയുമായി ടീം നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും രംഗത്തുണ്ട്. ഒപ്പം താൽക്കാലിക നായകൻ രോഹിത് ശർമയും. രാജ്യത്തിനായി ധോണി നേട്ടങ്ങള്‍ കരസ്ഥമാക്കിയതു പോലെ മറ്റാര്‍ക്കെങ്കിലും അതിന് കഴിഞ്ഞിട്ടുണ്ടോ എന്ന് രവി ശാസ്‌ത്രി ചോദിക്കുമ്പോള്‍ മഹിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍ തള്ളിക്കളയാനാണ് കോഹ്‌ലിക്ക് താല്‍പ്പര്യം.
ക്രിക്കറ്റ് ഫീൽഡിൽ ഉണ്ടായിരുന്നവർ തന്നെ കാരണമില്ലാതെ ധോണിയെ വിമർശിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? വിമർശിക്കുന്നവർ കണ്ണാടിയിൽ നോക്കി ചോദിക്കണം, ഈ പ്രായത്തിൽ തങ്ങളെന്തു ചെയ്യുകയായിരുന്നു എന്ന്? രണ്ടു റൺസ് കൂടുതൽ ഓടിയിരുന്നോ. ഇവർ രണ്ടു റൺസ് പൂർത്തിയാക്കുമ്പോഴേക്കും ധോണി മൂന്നു റൺസ് ഓടിയെടുത്തിട്ടുണ്ടാകും. - രവി ശാസ്ത്രി പറയുന്നു.
ഏകദിന ടീമിൽ ധോണിക്കു പകരംവയ്ക്കാവുന്നൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താൻ ഇതുവരെ ഇന്ത്യൻ ടീമിനു കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ടീമിൽ എന്നല്ല, ലോകത്തെ തന്നെ മികച്ച താരങ്ങളിലൊരാളാണ് ഇപ്പോഴും ധോണി. അടുത്ത ലോകകപ്പിലും ധോണി കളിക്കുമെന്ന് ശസ്തി വ്യക്തമാക്കി.