അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാക്കാന്‍ ബിസിസിഐ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കണമെന്ന് കുംബ്ലെയോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ അപമാനിക്കപ്പെട്ടു പുറത്തായ സ്ഥാനത്തേക്ക് വീണ്ടും വരുന്നതിനെ കുറിച്ച് കുംബ്ലെ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരിന്ന് കാണാം.
നേരത്തെ, വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ടി 20 ലോകകപ്പിന് ശേഷം കോലി ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഏകദിനത്തില്‍ നായകനായി തുടരും. കുംബ്ലെ മുഖ്യ പരിശീലകനായി എത്തിയാല്‍ വിരാട് കോലിയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് പ്രധാന ചോദ്യം. കോലിയുടെ എതിര്‍പ്പ് മറികടന്ന് കുംബ്ലെയെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിച്ചേക്കും. അങ്ങനെ വന്നാല്‍ കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്നാണ് സൂചന. പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണയായി നായകന്റെ നിലപാട് കൂടി ബിസിസിഐ ചോദിക്കാറുണ്ട്. കുംബ്ലെ തയ്യാറല്ലെങ്കില്‍ മാത്രം വി.വി.എസ്.ലക്ഷ്മണെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബിസിസിഐയുടെ തീരുമാനം.