മരതക ദ്വീപിന്റെ വിലമതിക്കാനാവാത്ത ‘സംഗ’

ജിബിന്‍ ജോര്‍ജ്
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (15:34 IST)
ഒരു ദശകത്തിലേറെയായി ലോക ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന കുമാര്‍ സംഗക്കാര ക്രിക്കറ്റ് ലോകത്ത് നിന്ന് വിടവാങ്ങി. ശ്രീലങ്കന്‍ ക്രിക്കറ്റിന് ഓര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സംഗയില്ലാത്ത ഒരു ടീം. പതിനഞ്ച് വര്‍ഷത്തോളമായി ലങ്കന്‍ ടീമിന്റെ സ്‌ഥിരസാന്നിധ്യമായിരുന്ന സംഗ ഒടുവില്‍ ടെസ്‌റ്റ് ക്രിക്കറ്റിനോടും യാത്ര പറഞ്ഞു.

ലങ്കന്‍ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിച്ച സംഗക്കാര കളത്തിന് പുറത്തും വ്യത്യസ്ഥത പുലര്‍ത്തിയ വ്യക്തിയായിരുന്നു. സിംഹള വംശത്തില്‍ പിറന്ന സംഗയുടെ കുട്ടിക്കാലം തിരിച്ചറിവുകളുടെ കാലമായിരുന്നു. ലങ്കയില്‍ തമിഴ് വംശജർ കൂട്ടത്തോടെ വേട്ടയാടപ്പെട്ടപ്പോള്‍ സംഗയുടെ പിതാവ് അവര്‍ക്കായി സൌകര്യമൊരുക്കി. വീടും സ്വത്തും നശിപ്പിക്കപ്പെട്ട് ഭയന്നോടിയ തമിഴ്‌ വംശജരെ ആ പിതാവ് സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചു, ഭക്ഷണം നല്‍കി. ശക്തമായ വംശീയ കലാപത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടന്നതോടെ കുഞ്ഞ് സംഗ ആഹ്ലാത്തിലായിരുന്നു. കളിക്കാന്‍ ഇഷ്‌ടം പോലെ സമയം, സ്‌കൂളില്‍ പോകേണ്ട ആവശ്യമില്ല. വീട്ടില്‍  അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന കുട്ടികളുമായുള്ള ചങ്ങാത്തവും ക്രിക്കറ്റ് കളിയും ഇതെല്ലാമായിരുന്നു കുഞ്ഞ് സംഗയുടെ ചെറുപ്പകാലം. കലാപത്തിന്റെ വീര്യം കുറഞ്ഞ ശേഷം എല്ലാവരും വീട് വിട്ട് പോയപ്പോള്‍ സംഗയ്‌ക്ക് സങ്കടമായി. കാരണം കളിക്കൂട്ടുകാര്‍ പോയതും സ്‌കൂള്‍ തുറക്കാന്‍ പോകുന്നതുമായിരുന്നു അതിന് കാരണം. അന്ന് അവന്‍ പിതാവിനോട് ചോദിച്ചു ‘അടുത്ത വര്‍ഷവും അവര്‍ തിരിച്ചുവരുമോ’.

1996ൽ ശ്രീലങ്കയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത അര്‍ജുന രണതുംഗയും സനത് ജയസൂര്യയും ഒഴിഞ്ഞു പോയ ലങ്കന്‍ ടീമിന്റെ കരുത്തായി കുമാര്‍ സംഗക്കാരയും മഹേള ജയവര്‍ധനയും എത്തിയെങ്കിലും ചതുരംഗ കളത്തിലെന്നപോലെ ബുദ്ധിയും തന്ത്രവും കളത്തില്‍ പ്രാവര്‍ത്തികമാക്കി കുറച്ച് നാളുകള്‍ കൊണ്ട് തന്നെ സംഗ താരമായി തീര്‍ന്നു. ടീം നായകനായെങ്കിലും തന്റെ നിലപാടുകളില്‍ അദ്ദേഹം എന്നും ഉറച്ചു നിന്നു. സാമ്പത്തികശേഷിയില്‍ പിന്നോക്കം നിന്ന ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ വീഴ്‌ചകള്‍ എന്നും സംഗ ലോകത്തോട് വിളിച്ചു പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡുമായി മിക്കപ്പോഴും കലഹിക്കേണ്ടി വന്നും സംഗക്കാരയ്‌ക്ക്. ബോര്‍ഡിന്റെ ചെയ്‌തികളും ടീം തെരഞ്ഞെടുപ്പുകളും പരസ്യമായി അദ്ദേഹം വിളിച്ചു പറയുകയും സഹതാരങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു.

ലോഡ്‌സില്‍ പ്രഭാഷണം നടത്താൻ ക്ഷണിക്കപ്പെട്ടപ്പോൾ സംഗ തെരഞ്ഞെടുത്ത വിഷയം ശ്രീലങ്കൻ ക്രിക്കറ്റിന്റെ ചരിത്രമായിരുന്നു. ലങ്കയുടെ രാഷ്‌ട്രീയത്തില്‍ ക്രിക്കറ്റിനുള്ള സ്ഥാനവും അതിന്റെ വളര്‍ച്ചയും മനോഹരമായി അവതരിപ്പിച്ചതോടെ  
ക്രിക്കറ്റ് പ്രേമികൾ അടക്കമുള്ളവര്‍ ഒരു പോലെ കയ്യടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്മാര്‍ പോലും പറയാന്‍ മടി കാണിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പരസ്യമായി പറഞ്ഞത്.

കരിയറില്‍ ഒരു തികഞ്ഞ ക്രിക്കറ്ററായിരുന്നു കുമാര്‍ സംഗക്കാരാ. 2000ത്തിൽ ഗോളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ തുടങ്ങിയ അദ്ദേഹം പതിയെ ടീമിലെ അഭിഭാജ്യഘടകമായി. ടെസ്റ്റിൽ 38 സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും സംഗക്കാര നേടിയ അദ്ദേഹത്തിന്റെ ശരാശരി 5771 ആണ്. വിക്കറ്റിന് പിന്നിൽ 402 ക്യാച്ചുകളെടുത്തു സംഗ 93 സ്റ്റംപിംഗുകൾ നടത്തി. 11 തവണ ഇരട്ട സെഞ്ച്വറി കടന്നു. ഏകദിനങ്ങളിലും മോശമായിരുന്നില്ല. 404 ഏകദിനങ്ങളിൽനിന്ന്  14234 റണ്ണാണ് സംഗക്കാര നേടിയിട്ടുള്ളത് (സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്നില്‍). 25 സെഞ്ച്വറികളും 93 അർദ്ധ സെഞ്ച്വറികളും ആ ബാറ്റിൽ നിന്നു പിറന്നു. എന്നാ‍ല്‍ ഒരിക്കലും സംഗ മറക്കാത്ത ഒന്നാണ് 2006ൽ സിംഹളീസ് സ്പോർട് ക്ലബ്ബിൽ ദക്ഷിണാഫ്രിക്ക പേസ് അറ്റാക്കിനെ അതിജീവിച്ച് ജയവര്‍ധനയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 624 റൺസിന്റെ കൂട്ടുക്കെട്ട്.

ലോക ക്രിക്കറ്റില്‍ സമാനതകളില്ലാത്ത താരമായി സംഗയ്‌ക്ക് മുന്നില്‍ റേക്കോര്‍ഡുകള്‍ വഴിമാറി. ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രീലങ്കയുടെ റൺസ് വേട്ടക്കാരിൽ ഒന്നാമൻ, ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി നാലു സെഞ്ചുറികൾ നേടിയ എകതാരം, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ലോകതാരം, ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കു വഹിച്ച വിക്കറ്റ് കീപ്പർ, ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടിലെ പങ്കാളി, ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ഇരട്ടസെഞ്ചുറികളില്‍ ഡോണ്‍ ബ്രാഡ്‌മാന് പിന്നില്‍ എന്നിങ്ങനെയുള്ള നിരവധി റെക്കോര്‍ഡുകളുടെ തോഴനായിരുന്നു മരതക ദ്വീപിന്റെ സംഗക്കാര.

പോരാട്ടങ്ങളുടെ നിമിഷങ്ങളാകും ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇനിയുള്ളത്. സംഗക്കാരയുടെ ഒഴിവ് നികത്തുക എന്നത് അസാധ്യമാണെങ്കിലും അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് എന്നും അവര്‍ക്ക് വെല്ലുവിളിയാണ്. ലങ്കന്‍ ക്രിക്കറ്റിനെ കരുതലോടെ നയിച്ച അദ്ദേഹം ക്രിക്കറ്റ് ലോകത്തിന് തന്നെ ഒരു പാഠമാണ്.