അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് സെഞ്ചുറിയെന്ന് പറയുന്നവര്‍ മറക്കരുത്, വിദേശത്താണ് തനിക്ക് കൂടുതല്‍ സെഞ്ചുറികളെന്ന് കോലി

Webdunia
ശനി, 22 ജൂലൈ 2023 (13:56 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കാനായതോടെ നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാട് കോലി അറുതിയിട്ടത്. 2018 ഡിസംബറില്‍ ഓസീസിനെതിരെ പെര്‍ത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ ശേഷം വിദേശത്ത് സെഞ്ചുറി നേട്ടം സ്വന്തമാക്കാന്‍ കോലിയ്ക്ക് കഴിഞ്ഞിരുന്നില്ല. വിദേശത്തെ ഈ സെഞ്ചുറി വരള്‍ച്ചയുടെ പേരില്‍ വലിയ വിമര്‍ശനമാണ് കോലിയ്ക്ക് നേരെ ഉയര്‍ന്നിരുന്നത്. ഇന്നലെ നേടിയ സെഞ്ചുറിയോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് കോലി.
 
ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വര്‍ഷത്തോളമായി വിദേശത്ത് താന്‍ സെഞ്ചുറി നേടിയിട്ട് എന്ന് വിമര്‍ശിക്കുന്നവര്‍ താന്‍ നേടിയ 29 ടെസ്റ്റ് സെഞ്ചുറികളില്‍ 15 എണ്ണം വിദേശത്ത് നേടിയവയാണ് എന്ന് സൗകര്യപൂര്‍വം മറക്കുകയാണെന്ന് കോലി പറയുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള കാര്യങ്ങളാണ്. വിദേശത്ത് എനിക്ക് 15 ടെസ്റ്റ് സെഞ്ചുറികളുണ്ട്. അതായത് ഇന്ത്യയില്‍ ഞാന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ വിദേശത്താണ്. അതൊരിക്കലും ഒരു മോശം റെക്കോര്‍ഡല്ല. വിമര്‍ശകരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോലി പറഞ്ഞു.
 
ഈ സ്റ്റാറ്റസുകളും നാഴികകല്ലുകളും 15 വര്‍ഷത്തിനുള്ളില്‍ ആരും ഓര്‍ക്കാന്‍ പോകുന്നില്ലെന്നും ടീമിനായി ഒരു കളിക്കാരന്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആളുകള്‍ കളിക്കാരെ ഓര്‍ക്കുകയുള്ളുവെന്നും രാജ്യത്തിനായി 500 മത്സരങ്ങള്‍ കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article