കുറച്ചുനാളുകളായി ഇന്ത്യയ്ക്കായി ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയിരുന്ന സീനിയര്‍ താരം ചേതേശ്വര്‍ പുജാരയെ ടീമില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് യുവതാരമായ ശുഭ്മാന്‍ ഗില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് പൊസിഷന്‍ ഏറ്റെടുത്തത്. ടെസ്റ്റില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള താരം സ്വയം താഴേക്കിറങ്ങിയാണ് വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് അടുത്ത വിരാട് കോലി എന്ന് വിശേഷണമുള്ള താരം മൂന്നാം നമ്പറില്‍ ദയനീയ പ്രകടനമാണ് വെസ്റ്റിീസിനെതിരെ പുറത്തെടുക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ വെറും 6 റണ്‍സിന് പുറത്തായ ഗില്‍ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വെറും 12 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഓപ്പണിങ്ങില്‍ നിന്നും താഴേക്കിറങ്ങാനുള്ള ഗില്ലിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വൃത്തിക്ക് കൈകാര്യം ചെയ്തിരുന്ന റോള്‍ മറ്റൊരാള്‍ക്ക് വെച്ച് നല്‍കി വലിയ മണ്ടത്തരമാണ് ഗില്‍ കാണിച്ചതെന്നും ആദ്യം ടെസ്റ്റില്‍ മികച്ച കളിക്കാരാനാണെന്ന് തെളിയിക്കു എന്നിട്ട് മതി കോലിയുടെ പകരക്കാരനാവുന്നതെന്നും ആരാധകര്‍ പറയുന്നു. അതേസമയം ജയ്‌സ്വാളും ഗില്ലും ഓപ്പണ്‍ ചെയ്യട്ടെയെന്നും രോഹിത് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ വരട്ടെയെന്നും ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ഭാവിതാരമായി കരുതുന്ന ഗില്ലിന്റെ ആത്മവിശ്വാസം നശിപ്പിക്കുന്ന തീരുമാനങ്ങളില്‍ നിന്നും ടീം വിട്ടുനില്‍ക്കണമെന്നും ചില ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്.