ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെന്ന് രവിചന്ദ്രൻ അശ്വിൻ. ഏറ്റവും മികച്ച നായകന്മാരുടെ ഗണത്തിലേക്ക് കോഹ്‌ലി വളരുകയാണ്. കളിയോടുള്ള അദ്ദേഹത്തിന്റെ സമീപനവും ശരീരഭാഷയും സഹതാരങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഒട്ടും നെഗറ്റീവ് ഇല്ലാത്തതാണ് വിരാടിന്റെ പ്രത്യേകതയെന്നും അശ്വിന്‍ പറഞ്ഞു.
ജയത്തോടെ മുന്നോട്ടു പോകുക എന്ന ലക്ഷ്യം മാത്രമാണ് കോഹ്‌ലിക്കുള്ളത്. മത്സരങ്ങള്‍ ജയിക്കേണ്ടതിനേക്കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്. ഒപ്പം കളിക്കുന്നവരില്‍ നിന്നും വിരാട് ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. താരങ്ങള്‍ക്ക് അക്കാര്യം വ്യക്തമായി അറിയാം, ക്യാപ്‌റ്റന്‍ പ്രതീക്ഷിക്കുന്നത് തിരിച്ചു നല്‍കുകയെന്ന ലക്ഷ്യമാണ് അവരില്‍ ഉണ്ടാകുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിജയങ്ങൾക്കു പിന്നിൽ കോഹ്‍ലിയുടെ വ്യക്തമായ സ്വാധീനമുണ്ട്. ടീമിന് വലിയ കെട്ടുറപ്പു നൽകാന്‍ അദ്ദേഹത്തിന്റെ ക്യാപ്‌റ്റന്‍സിക്ക് കഴിയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരങ്ങളില്‍ വിരാട് നേടാവുന്നതെല്ലാം നേടി. കൈവിട്ട ചില ക്യാച്ചുകളും ഉദ്ദേശിച്ചത്രെ വിക്കറ്റുകൾ നേടാൻ കഴിയാത്തതുമാണ് തിരിച്ചടിക്ക് കാരണമായത്. ക്രിക്കറ്റില്‍ ഇതെല്ലാം സ്വാഭാവികമാണെന്നും അശ്വന്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ രണ്ടു ടെസ്റ്റുകളിലും ടോസ് ലഭിച്ചിരുന്നെങ്കിൽ ഫലം മാറിയേനെയെന്നും വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മൽസരത്തിനുശേഷം സംസാരിക്കുമ്പോള്‍ അശ്വിന്‍ ആഭിപ്രായപ്പെട്ടു.