കൊച്ചിയില്‍ ക്രിക്കറ്റ് വേണോ ?; നിലപാട് വ്യക്തമാക്കി ശ്രീശാന്ത് രംഗത്ത്
ചൊവ്വ, 20 മാര്‍ച്ച് 2018 (18:53 IST)
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിൽ നടത്തുന്നതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും രംഗത്ത്.
കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കാതെ ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്ത് നടത്തണം. കേരളത്തിൽ ഫുട്ബോൾ വളരുന്ന സമയമാണ്. ഐഎസ്എൽ മൽസരങ്ങൾ നല്ല രീതിയിലാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. ഭാവിയിൽ കൊച്ചിയിൽ ക്രിക്കറ്റിന് മാത്രമായി ഒരു സ്റ്റേഡിയം ഉണ്ടാകട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു.
കേരളാ ബ്ളാസ്റ്റേഴ്സ് താരം സികെ വിനീത്, ശശി തരൂർ എംപി എന്നിവര്‍ കൊച്ചിയിൽ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വിമർശനുവമായി രംഗത്ത് വന്നിരുന്നു.
അതേസമയം, വിമർശനം ശക്തമായതോടെ നവംബര്‍ ഒന്നിന് നടക്കേണ്ട ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരവേദി തിരുവനന്തപുരത്തേക്കു മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
അതേസമയം, വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) കേരളാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി കായികമന്ത്രി ചർച്ച നടത്തി. കേരളത്തിൽ ക്രിക്കറ്റും നടക്കണം ഫുട്ബോളും നടക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് കെസിഎയുടെ ആവശ്യം പരിഗണിച്ച് മത്സരം കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് എതിര്‍പ്പ് ശക്തമായത്.