ഓസ്‌ട്രേലിയയ്‌ക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കെ.എല്‍.രാഹുലിന് പുറത്തിരിക്കേണ്ടിവരും. രാഹുലിന് പകരം യുവതാരം ശുഭ്മാന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. മോശം ഫോമിലുള്ള രാഹുലിന് ഇനിയും അവസരങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റനായിരുന്ന രാഹുലിനെ അവസാന രണ്ട് മത്സരങ്ങളില്‍ തല്‍സ്ഥാനത്തു നിന്ന് ബിസിസിഐ നീക്കിയിട്ടുണ്ട്. അടുത്ത രണ്ട് മത്സരങ്ങളിലും രാഹുല്‍ പുറത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് ഈ നീക്കത്തില്‍ നിന്ന് വ്യക്തമാകുന്നത്.
രാഹുല്‍ പുറത്തിരിക്കേണ്ടി വരുമ്പോള്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി പ്ലേയിങ് ഇലവനിലേക്ക് എത്തും. പ്ലേയിങ് ഇലവനില്‍ വേറെ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ എത്രനാള്‍ രാഹുലിനെ ടീമില്‍ തുടരാന്‍ അനുവദിക്കുമെന്നാണ് ബിസിസിഐയുടെ ചോദ്യം. 47 ടെസ്റ്റുകളില്‍ നിന്ന് 35 ല്‍ താഴെയാണ് രാഹുലിന്റെ ശരാശരി. 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് അവസാന ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ രാഹുലിന്റെ പ്രകടനം.