ലഖ്‌നൗ നായകനായി രാഹുലെത്തും, സ്റ്റോയ്‌നിസും ബിഷ്‌നോയിയും ടീമിൽ

Webdunia
ചൊവ്വ, 18 ജനുവരി 2022 (17:24 IST)
ഐപിഎൽ പുതിയ സീസണിന് മുൻപ് നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുൻപ് ടീമിലെത്തിച്ച കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ട് ലഖ്‌നൗ ഫ്രാഞ്ചൈസി. ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ കെഎൽ രാഹുലായിരിക്കും ഇത്തവണ ലഖ്‌‌നൗവിനെ നയിക്കുക. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയി എന്നിവരെയാണ് രാഹുലിന് പുറമെ ലഖ്‌നൗ ടീമിലെത്തിച്ചത്.
 
15 കോടി രൂപയ്ക്കാണ് രാഹുലിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് ‌കിങ്‌സ് നായകനായിരുന്നു താരം.  പഞ്ചാബിന്റെ തന്നെ യുവതാരമായ രവി ബിഷ്‌ണോയിയെ നാലു കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഐപിഎല്ലിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരുന്നെങ്കിലും താരത്തിനെ ടീം മാനേജ്‌മെന്റ് തുടർച്ചയായി കളിപ്പിച്ചിരുന്നില്ല.
 
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായ സ്‌റ്റോയ്‌നിസാണ് ടീമിലെത്തിയ മൂന്നാമത് താരം. 2020ലെ ഐപിഎല്ലില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ സ്റ്റോയ്‌നിസ് നിർണായക പങ്കുവഹിച്ചിരുന്നു. താരത്തെ 11 കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article