ലഖ്‌നൗ ടീമുമായി ബന്ധപ്പെട്ടു? രാഹുലിനും റാഷിദ് ഖാനും ഒരു വർഷത്തെ വിലക്കിന് സാധ്യത

ചൊവ്വ, 30 നവം‌ബര്‍ 2021 (15:11 IST)
ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കെ.എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. രാഹുലിനെയും റാഷിദ് ഖാനെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചെന്നും സ്വാധീനം ചെലുത്തിയെന്നും പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
 
വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുലിനെയും റാഷിദ് ഖാനെയും നിലനിർത്താൻ പഞ്ചാബ്, ഹൈദരാബാദ് ടീമുകൾ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വമ്പൻ ഓഫറാണ് ലഖ്‌നൗ ഇരുതാരങ്ങൾക്കും മുന്നിൽ വെച്ചിരിക്കുന്നതെന്നാണ് സൂചന.
 
രാഹുലിന് 20 കോടിയില്‍ അധികം രൂപയും റാഷിദിന് 16 കോടി രൂപ വരെയുമാണ് ലഖ്​നൗ ഓഫര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാഹുലിന്റെ പ്രതിഫലം 11 കോടിയും റാഷിദിന്റേത് ഒമ്പത് കോടിയുമാണ്. നേരത്തെ 2010ൽ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെ ഇന്ത്യൻ താരമായ രവീന്ദ്ര ജഡേജയ്ക്ക് ഒരു ഐപിഎൽ സീസണിൽ വിലക്കേർപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍