രണ്ട് പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടി വരുമ്പോൾ ഇതുവരെ ഒരു ടീമിന്റെ ഭാഗമായിരുന്ന പല താരങ്ങളെയും ടീമുകൾക്ക് കൈവിടേണ്ടിവരും. ഇത് പല ടീമുകൾക്കും തങ്ങളുടെ ടീമുകൾ പുതുക്കി പണിയാനുള്ള സമയമാണ്. അതേസമയം ചെന്നൈ,മുംബൈ പോലെ സ്ഥിരമായി ഒരുകൂട്ടം കളിക്കാരുമായി എത്തുന്ന ടീമുകൾക്ക് ഇത് തിരിച്ചടിയാവും.
നിലവിലെ സ്ക്വാഡിൽ നിന്നു നാലു പേരെയാണു ടീമുകൾക്കു റീട്ടെയ്ൻ ചെയ്യാൻ അവസരമുള്ളത്. ഇതിൽ രണ്ട് വിദേശതാരങ്ങളെ വരെ നിലനിർത്താം. രണ്ട് അൺക്യാപ്‌ഡ് കളിക്കാരെ വരെ നിലനിർത്താം വിശ്വസ്‌തരായ നിരവധി താരങ്ങൾ ഉണ്ടെങ്കിലും കൂടുതൽ താരങ്ങളെ നിലനിർത്തുന്നത് താരലേലത്തിൽ തിരിച്ചടിയാകാം എന്നതാണ് ഫ്രാഞ്ചൈസികളെ വലയ്ക്കുന്നത്.ഇത്തവണ മെഗാ താരലേലത്തിനായി ടീമുകൾക്ക് അനുവദിച്ചിട്ടുള്ള ആകെ തുക 90 കോടി രൂപയാണ്. നാലു താരങ്ങളെ നിലനിർത്തുന്ന ടീമുകൾക്ക് ഇതിൽ നിന്നും 48 കോടി രൂപ ചിലവാക്കേണ്ടിവരും.
നിലനിർത്തുന്ന ആദ്യതാരത്തിനു 16 കോടിയും രണ്ടാം താരത്തിനു 12 കോടിയും മൂന്നാം താരത്തിനു 8 കോടിയും നാലാം താരത്തിന് 6 കോടിയുമാണ് നൽകേണ്ടത്. 3 താരങ്ങളെ നിലനിർത്തുകയാണെങ്കിൽ ആദ്യതാരത്തിനു 15 കോടിയും രണ്ടാം താരത്തിനു 11 കോടിയും മൂന്നാം താരത്തിനു 7 കോടിയും നൽകണം. രണ്ടു താരത്തെ മാത്രമാണു റീട്ടെയ്ൻ ചെയ്യുന്നതെങ്കിൽ യഥാക്രമം 14 കോടി, 10 കോടിയാണു നൽകേണ്ടത്. ഒരാളെ മാത്രമാണ് നിലനിർത്തേണ്ടതെങ്കിൽ 14 കോടിയാണു ടീമുകൾക്കു നൽകേണ്ടിവരുക. അൺക്യാപ്ഡ് താരങ്ങൾക്കു നാലു കോടിയാണു തുക നിശ്ചയിച്ചിട്ടുള്ളത്.